ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെത്തുടർന്ന് ആറു ദിവസമായി തടസ്സപ്പെട്ട പാർലമെന്റ് സമ്മേളനം ചൊവ്വാഴ്ച ചൂടേറിയ ചർച്ചയിലേക്ക് കടന്നേക്കും. ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ബില്ലിൽ ചൊവ്വാഴ്ച ചർച്ചയ്ക്ക് ഭരണപക്ഷവും പ്രതിപക്ഷവും സമ്മതിച്ചതായി പാർലമെന്ററി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെ ഇന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് ബില്ലിൽ ചർച്ചകൾ നടന്നില്ല.
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്നാണ് ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ബിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറായത്.
ബിൽ സംബന്ധിച്ച ചർച്ചയ്ക്കായി ആറ് മണിക്കൂർ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സഭയുടെ താൽപ്പര്യം അനുസരിച്ച് കൂടുതൽ സമയം നൽകുമെന്നും സ്പീക്കർ ഓംബിർള അറിയിച്ചിട്ടുണ്ട്.
പുതിയ ഭേദഗതി പ്രകാരം ചോദ്യപേപ്പർ ചോർച്ച കേസുകളിലെ അന്വേഷണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിൽ പങ്കാളികളായ വ്യക്തികൾക്ക് കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സംഘടിത കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. സ്വത്ത് കണ്ടുകെട്ടുന്നതിനും വ്യവസ്ഥയുണ്ട്.
നിലവിലെ നിയമം അനുസരിച്ച് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവിനും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും നൽകാനാണ് കഴിയുക.
പുതിയ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചാൽ 3 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാം. വലിയ രീതിയിലുള്ള പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാരിന് പ്രത്യേകടാസ്‌ക് ഫോഴ്സിനെ നിയോഗിക്കാം.
പരീക്ഷാ രീതികളിൽ സാങ്കേതികപരമായ സുതാര്യത ഉറപ്പാക്കാനും NTAയുടെ പ്രവർത്തനങ്ങൾ പരിഷ്‌കരിക്കാനുമായി നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. 36 ദിവസം നീണ്ട വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നായിരുന്നു ഈ നടപടികൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിയും വന്നിരുന്നു.
ബില്ലിലെ ചർച്ച ആരംഭിക്കുന്നതിന് മുമ്പായി എൻഡിഎ പാർലമെന്ററി പാർട്ടിയോഗം ചേരും. ചർച്ചയിൽ എൻ.ഡി.എ സഖ്യത്തിലെ പ്രമുഖരായ യുവ എം.പിമാരെ ഇറക്കാനാണ് തീരുമാനം. ബിജെപി എംപിമാരായ ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ എന്നിവരും ഘടകക്ഷി എംപിമാരായ ശ്രീകാന്ത് ഷിന്ദേ,അലോക് കുമാർ സുമാൻ, ലാവു ശ്രീ കൃഷ്ണ ദേവരായലു, സുനിൽ തത്കരെ, അനുപ്രിയ പട്ടേൽ, അരുൺ ഭാരതി തുടങ്ങിയവരും സംസാരിക്കും. കോൺഗ്രസും ഇന്ത്യ സഖ്യവും ആരെയെല്ലാം രംഗത്തിറക്കുമെന്ന് വ്യക്തമല്ല.
Content Highlights: Introduction of a bill to increase penalties for exam paper leaks., Proposed punishment: 5-10 years imprisonment and up to 50 lakh fine for individuals., Organized crime penalties: Up to 10 crore fine and 7+ years imprisonment., Provision for fast-track courts and a special central task force., Nandan Nilekani-led committee appointed for NTA system reforms.
Published: 27 Jul 2026, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented