
ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിലെ പ്രസിദ്ധമായ ഡാൻസിങ് ഗേൾ വെങ്കല ശില്പത്തിന്റെ ചിത്രം ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ വികലമായി ഉപയോഗിച്ചതിൽ തിരുത്തുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.). പാഠപുസ്തകത്തിൽ യഥാർഥ ചിത്രം തന്നെ ഉൾപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി. തീരുമാനിച്ചു. ചിത്രത്തിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ ചരിത്രകാരന്മാരിൽ നിന്നും അധ്യാപകരിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്നാണ് നടപടി.
വിഷയം എൻ.സി.ഇ.ആർ.ടി.യുടെ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പുനഃപരിശോധിച്ചതായും ബന്ധപ്പെട്ട വകുപ്പിനോട് ഇത് പരിശോധിക്കാൻ നിർദ്ദേശിച്ചിരുന്നതായും എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ദിനേഷ് സക്ലാനി വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പറഞ്ഞു. വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുരാവസ്തുവിന്റെ യഥാർഥ രൂപം തന്നെ പുസ്തകത്തിൽ നിലനിർത്താൻ തീരുമാനിച്ചതെന്നും സക്ലാനി വ്യക്തമാക്കി.
ഒൻപതാം ക്ലാസിലെ കലാവിദ്യാഭ്യാസ പാഠപുസ്തകത്തിൽ, നർത്തകിയുടെ ശില്പത്തിന്റെ ചിത്രം വികലമായാണ് ഉപയോഗിച്ചത്. ശില്പത്തിന്റെ നിറം കടുപ്പമേറിയതാക്കുകയും യഥാർത്ഥ ശില്പത്തിൽ നിന്ന് വ്യത്യസ്തമായി ശരീരഭാഗങ്ങൾ മറയ്ക്കുകയും ചെയ്ത നിലയിലായിരുന്നു അച്ചടിച്ചുവന്നത്. ഇതേച്ചൊല്ലിയാണ് വിവാദം പുകഞ്ഞത്. ചരിത്രപ്രാധാന്യമുള്ള ഒരു പുരാവസ്തുവിനെ തെറ്റായി ചിത്രീകരിക്കുന്നതും സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതുമാണ് ഈ നടപടിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
മൊഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത, 4500 വർഷം പഴക്കമുള്ള ഈ വെങ്കല ശില്പം സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നാണ്. ഏകദേശം 10.5 സെന്റീമീറ്റർ ഉയരമുള്ള ഈ ശില്പം അതിന്റെ സ്വാഭാവികമായ രൂപഭംഗിയാലും കൈകളിലെ വളകളും മാലയും ഉൾപ്പെടെയുള്ള ആഭരണങ്ങളാലും ഏറെ ശ്രദ്ധേയമാണ്.
Content Highlights: The National Council of Educational Research and Training (NCERT) has decided to replace a digitally modified, covered image of the iconic 4500-year-old Mohenjo-daro 'Dancing Girl' figurine with its original version in the Class 9 arts textbook following widespread criticism from historians and teachers.
Published: 15 Jun 2026, 10:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented