സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ നാവികസേനയെ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിമയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാരല്ല, ഇന്ത്യൻ നാവികസേനയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസ്ഥലത്ത് ഛത്രപതി ശിവജിയുടെ ഒരു വലിയ പ്രതിമ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിമയുടെ നിർമ്മാണത്തിനും സ്ഥാപനത്തിനും ഉത്തരവാദിത്വം വഹിച്ചവർ കാറ്റിൻ്റെ വേഗതയും ഉപയോഗിച്ച ഇരുമ്പിൻ്റെ ഗുണനിലവാരവും അടക്കമുള്ള പ്രധാന ഘടകങ്ങൾ അവഗണിച്ചിട്ടുണ്ടാകുമെന്നും കടൽക്കാറ്റുമായി സമ്പർക്കം പുലർത്തുന്നതിനാൽ പ്രതിമ തുരുമ്പെടുത്തതാകമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ചുമതലപ്പെട്ടവർ ഈ ഘടകങ്ങളെല്ലാം മനസ്സിലാക്കിയിരുന്നോ എന്നത് ചോദ്യമുയർത്തുന്നുവെന്നും പ്രതിമ തകർന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അരോചകമാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഇന്ത്യൻ നാവികസേന അന്വേഷണം ആരംഭിച്ചു. വിദഗ്ധസംഘം സംഭവസ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ നാവികസേനയാണ് പ്രതിമയുടെ നിർമാണവും സ്ഥാപനവും നടത്തിയതെന്ന് നാവികസേന വ്യക്തമാക്കി. പ്രാഥമിക പരിശോധനകൾ തങ്ങളാണ് നടത്തിയതെന്നും എന്നാൽ, പിന്നീട് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സംസ്ഥാന സർക്കാരിന് കൈമാറിയെന്നും നാവികസേന അറിയിച്ചു. അന്വേഷണത്തിന് ശേഷം പ്രതിമയുടെ പുനരുദ്ധാരണം ആരംഭിക്കുമെന്നും സേന വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഡിസംബറിൽ അനാച്ഛാദനം ചെയ്തതാണ് പ്രതിമ. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 35 അടി ഉയരമുള്ള പ്രതിമ തകർന്നുവീണതിന്റെ കാരണം വ്യക്തമായിട്ടില്ല. വിദഗ്ദരുടെ പരിശോധനകൾക്ക് ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്. മോശം കാലാവസ്ഥയായിരിക്കാം പ്രതിമ തകരാൻ കാരണമെന്നാണ് പുറത്തുവരുന്ന വിശദീകരണം.
Content Highlights: Navy oversaw Shivaji statue work said Devendra Fadnavis
Published: 27 Aug 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented