ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഫയല്‍ ചെയ്ത കുറ്റപത്രം സ്വീകരിക്കാന്‍ വിസമ്മതിച്ച് കോടതി. കുറ്റപത്രം എഫ്ഐആറിനെ അടിസ്ഥാനമാക്കിയല്ലാത്തതിനാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ വ്യക്തമാക്കി. അതേസമയം, പ്രത്യേക ജഡ്ജിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇ.ഡി. അറിയിച്ചു.

To advertise here,

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) കുറ്റവുമായി ബന്ധപ്പെട്ട എഫ്ഐആറിന്റെ അടിസ്ഥാനത്തിലല്ല ഇ.ഡി.യുടെ കുറ്റപത്രമെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 200-ാം വകുപ്പ് പ്രകാരം ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തിലെ അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം.

ഇ.ഡി.യുടെ പരാതിയില്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഒക്ടോബര്‍ മൂന്നിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കേസില്‍ ഇ.ഡി.യുടെ വാദങ്ങള്‍ യോഗ്യതയില്‍ കേട്ടുകൊണ്ട് വിധിപറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേസില്‍ പ്രതിസ്ഥാനത്തുള്ള സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സുമന്‍ ദുബെ, സാം പിത്രോദ തുടങ്ങിയവര്‍ക്ക് താത്കാലികാശ്വാസമായി. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി 2012-ലാണ് കോടതിയെ സമീപിച്ചത്. കേസില്‍ സോണിയാ ഗാന്ധിയെ 2022-ലും രാഹുല്‍ ഗാന്ധിയെ 2024-ലും ഇ.ഡി. ചോദ്യംചെയ്തിരുന്നു.

ഇ.ഡി.യുടെ വാദം

1938-ല്‍ ജവാഹര്‍ലാല്‍ നെഹ്റു സ്ഥാപിക്കുകയും കടംകയറിയതിനെത്തുടര്‍ന്ന് 2008-ല്‍ അച്ചടിനിര്‍ത്തുകയും ചെയ്ത നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍സിന്റെ 2000 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ വെറും 50 ലക്ഷം രൂപ മുടക്കി സോണിയയും രാഹുലുമുള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കലാക്കിയെന്നാണ് ഇ.ഡി.യുടെ കേസ്. സോണിയക്കും രാഹുലിനുമായി 76 ശതമാനം ഓഹരിയുള്ള യങ് ഇന്ത്യന്‍ എന്ന പുതിയ കമ്പനിയുണ്ടാക്കിയാണ് അസോസിയേറ്റഡ് ജേണല്‍സിനെ 2010-ല്‍ ഏറ്റെടുത്തത്. കമ്പനിയുടെ 1089 ഓഹരിയുടമകളില്‍ മറ്റാരെയും അറിയിക്കാതെ ഏഴുപേര്‍മാത്രം ചേര്‍ന്നാണ് യങ് ഇന്ത്യന് വില്‍ക്കാന്‍ തീരുമാനിച്ചത്. അസോസിയേറ്റഡ് ജേണല്‍സിന് കോണ്‍ഗ്രസ് 90 കോടി രൂപ വായ്പനല്‍കിയിരുന്നു. തുടര്‍ന്ന് നഷ്ടത്തിലായ കമ്പനിയെ യങ് ഇന്ത്യന്‍ ഗൂഢാലോചന നടത്തി ഏറ്റെടുത്തു. കള്ളപ്പണം വെളുപ്പിക്കാനാണ് യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കിയതെന്നും ഇ.ഡി. വാദിച്ചു.

എതിര്‍ വാദം

അസോസിയേറ്റഡ് ജേണല്‍സിന്റെ കടം കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുത്തത് എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കലാകുന്നതെന്നാണ് സോണിയാഗാന്ധി കോടതിയില്‍ വാദിച്ചത്. ടാറ്റയോ ബിര്‍ളയോ ആണ് കമ്പനിയുടെ കടം ഏറ്റെടുത്തിരുന്നതെങ്കില്‍ അവരെ കുറ്റക്കാരാക്കുമായിരുന്നോയെന്നും ചോദിച്ചു. അസോസിയേറ്റഡ് ജേണല്‍സിന്റെ ഒരു സ്വത്തുപോലും യങ് ഇന്ത്യനിലേക്ക് വന്നിട്ടില്ല. ഒരു കോണ്‍ഗ്രസ് നേതാവിനും വസ്തുവോ പണമോ ലഭിച്ചിട്ടില്ല. അസോസിയേറ്റഡ് ജേണല്‍സിനെ കടരഹിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഏറ്റെടുത്തത്. ലാഭമുണ്ടാക്കാനുള്ള കമ്പനിയായിരുന്നില്ല യങ് ഇന്ത്യന്‍.

കോടതിനിലപാട് മോദി-ഷാ കൂട്ടുകെട്ടിനുള്ള തിരിച്ചടി -കെ.സി. വേണുഗോപാല്‍

സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും പ്രതികളാക്കി രാഷ്ട്രീയവൈരാഗ്യബുദ്ധിയോടുകൂടി നടപടിസ്വീകരിച്ച മോദി-ഷാ കൂട്ടുകെട്ടിനുള്ള കനത്തതിരിച്ചടിയാണ് കോടതിവിധിയെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇ.ഡി.യെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ച് കള്ളക്കേസെടുക്കുന്ന നടപടിക്കെതിരായ പ്രഹരമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണം -വേണുഗോപാല്‍ ആവശ്യപ്പെട്ടു.