കൊച്ചി: കേരളത്തിൽ ഇടതു-വലതുമുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രമേയുള്ളൂവെന്നും പ്രവർത്തനശൈലിയിൽ രണ്ടു മുന്നണികളും ഒരേപോലെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽനടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. അഴിമതിയിലും അധികാരത്തിനായി വർഗീയശക്തികളെ കൂട്ടുപിടിക്കുന്നതിലും വ്യവസായങ്ങൾ തകർക്കുന്നതിലുമെല്ലാം ഇരുകക്ഷികളും ഒരുപോലെയാണ്. യു.ഡി.എഫ്. ഭരിക്കുമ്പോൾ സോളാർ അഴിമതിയായിരുന്നെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ അത് സി.എം.ആർ.എൽ. അഴിമതിയായി മാറി. ഇടതുപക്ഷത്തിനെതിരേ ശബരിമലയിൽ സ്വർണക്കൊള്ളയാണ് ഉയർന്നതെങ്കിൽ, മോഷ്ടിച്ച സ്വർണം കടത്തിയതാണ് കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.

മാറാത്തതും മാറും, ഇനി കേരളവും മാറും

കോൺഗ്രസ് ഇന്ന് മുസ്ലിംലീഗ് മാവോവാദി കോൺഗ്രസ് (എം.എം.സി.) ആയി മാറിയിരിക്കുകയാണ്. ജമാ-അത്തെ ഇസ്ലാമിയെന്ന തീവ്രവാദ സംഘടനയെയാണ് അവർ കൂട്ടുപിടിച്ചിരിക്കുന്നത്. വിഘടനവാദ രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നവരുമായാണ് അവരുടെ കൂട്ട്. ഇടതുപക്ഷമാണെങ്കിൽ പി.ഡി.പി.യെന്ന ഭീകരസംഘടനയുമായി നേരത്തേതന്നെ ബന്ധമുണ്ട്. യുവാക്കൾക്കിടയിൽ തീവ്രവാദം പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് പി.ഡി.പി. നേതാവാണ്. ഇവരെ രണ്ടുകൂട്ടരെയും അകറ്റിനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമായി തീർന്നിരിക്കുകയാണ്.

മാറിമാറി അധികാരത്തിൽ വരുമെന്ന് ഉറപ്പുള്ളതിനാൽ അവർ കേരളത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. വലിയ അഴിമതിക്കാണ് ഇത് വഴിവെക്കുന്നത്. ഈ ശൈലിമാറണം. മാറാത്തതും മാറും, ഇനി കേരളവും മാറും. എൻ.ഡി.എയുടെ ഇരട്ട എൻജിൻ സർക്കാർ വരുന്നതോടെ കേരളം ഇരട്ടക്കുതിപ്പിലേക്ക് നീങ്ങും. യുവാക്കളോട് നീതിപുലർത്തും. നിക്ഷേപം കൂടുതൽവരും. അഴിമതിയും ചുവപ്പുനാടയും സർക്കാർമാഫിയയും ഭൂമാഫിയയുമെല്ലാം തുടച്ചുനീക്കപ്പെടും. വികസിത കേരളം സാധ്യമാക്കാൻ വിനോദസഞ്ചാരമേഖലയിലും, വിവരസാങ്കേതിക മേഖലയിലും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ കൊണ്ടുവരുമെന്നും ഇത് മോദിയുടെ ഗാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ വഞ്ചിച്ചു

കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ഇരു വിഭാഗങ്ങളും യുവാക്കളെ വഞ്ചിക്കുകയായിരുന്നു. രാജ്യത്ത് യുവാക്കൾക്ക് ഡ്രോൺ നിർമിക്കുന്നതിലുള്ള കഴിവിനെക്കുറിച്ചുപോലും കോൺഗ്രസിലെ യുവരാജാവിന് ഒന്നുമറിയില്ല. കേരളത്തിൽ തന്നെ യുവാക്കളുടെ സ്റ്റാർട്ടപ്പുകൾ ഡ്രോണുകൾ നിർമിക്കുന്നുണ്ട്. യുവാക്കളുടെ മനസ്സ് മനസ്സിലാക്കാൻപോലും അവർക്ക് സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

വിഷമഘട്ടത്തിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ എംബസി ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രതിസന്ധിഘട്ടത്തിൽ പൗരന്മാരെ കൈവിടാത്തതാണ് ഇന്ത്യയുടെ രീതി. ഭക്ഷണവും വെള്ളവും താമസവും നിയമസഹായവുമെല്ലാം ഒരുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ, ഈ വിഷമഘട്ടത്തിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. അവർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയാണ്. സഹോദരന്മാർ കൊല്ലപ്പെട്ടാലും മോദിക്കെതിരേ റീൽ ചെയ്യാനാണ് അവർ ശ്രദ്ധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, ബി.ജെ.പി. നേതാക്കളായ ശോഭാ സുരേന്ദ്രൻ, എം.ടി. രമേഷ്, എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

എ.എൻ. രാധാകൃഷ്ണൻ സ്വാഗതവും കെ.എസ്. ഷൈജു നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി.യുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും എൻ.ഡി.എ. ഘടകകക്ഷി നേതാക്കളും വേദിയിലുണ്ടായിരുന്നു. എൻ.ഡി.എ.യുടെ ഉപഹാരമായി കഥകളിരൂപം രാജീവ് ചന്ദ്രശേഖറും, തുഷാർ വെള്ളാപ്പള്ളിയും സാബു എം. ജേക്കബും ചേർന്ന് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. എഴുപത്തിരണ്ടുകാരിയായ ഗിരിജാമ്മാൾ കോട്ടൺ നൂലിൽ തുന്നിയ മോദിയുടെ ചിത്രവും പ്രധാനമന്ത്രിക്ക് കൈമാറി.