ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയെ ചൊല്ലിയുള്ള വിവാദങ്ങൾ ദേശീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പാർലമെന്റിൽ രാഹുൽ ഗാന്ധി ഈ പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ തൻ്റെ പ്രസംഗത്തിൽ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്.

To advertise here,

പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തടസവാദമുന്നയിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല എന്ന വാദം തള്ളിയ രാഹുൽ ഗാന്ധി, നരവണെയുടെ 2023ലെ പോസ്റ്റ് ചൂണ്ടിക്കാട്ടി പുസ്തകം പുറത്തിറങ്ങിയതായി വാദിച്ചിരുന്നു. ഒന്നുകിൽ നരവണെ അല്ലെങ്കിൽ പെൻഗ്വിൻ ഇന്ത്യ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'സുഹൃത്തുക്കളെ, എന്റെ പുസ്തകം ഇപ്പോൾ ലഭ്യമാണ്. ലിങ്ക് പിന്തുടരുക,' എന്ന് 2023 ഡിസംബറിൽ ജനറൽ നരവണെ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും, അത് ആമസോണിലെ 'പ്രീ-ഓർഡർ' (pre-order) സൗകര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രസാധകർ വ്യക്തമാക്കി. പ്രസാധക രംഗത്ത് 'ലഭ്യം' (available) എന്ന വാക്കിന് പലപ്പോഴും മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എന്ന അർഥമാണുള്ളത്. പുസ്തകം അച്ചടിച്ചു കഴിഞ്ഞു എന്നല്ല. നിലവിൽ പുസ്തകത്തിന്റെ അച്ചടിയോ ഡിജിറ്റൽ പതിപ്പോ പുറത്തിറങ്ങിയിട്ടില്ലെന്നും, പ്രചരിക്കുന്ന കോപ്പികൾ പകർപ്പവകാശ ലംഘനമാണെന്നും പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ അറിയിച്ചു.

ഇത് ഏറ്റുപിടിച്ച് രാഹുൽ ഗാന്ധിയെ ബിജെപി പരിഹസിച്ചിരുന്നു. പ്രീ ഓർഡറും പബ്ലിഷിങ്ങും തമ്മിലുള്ള വ്യത്യാസം രാഹുലിന് അറിയില്ലെന്ന് പരിഹസിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പുനെവാല രംഗത്തെത്തി.  പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന നരവണെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥർക്ക് കർശനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. 1950-ലെയും 1954-ലെയും പ്രത്യേക സൈനിക നിയമങ്ങൾ അനുസരിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻകൂട്ടി സർക്കാർ അനുമതി നേടേണ്ടത് ആവശ്യമാണ്. എന്നാൽ, വിരമിച്ച ഉദ്യോഗസ്ഥർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. എന്നിരുന്നാലും, വിരമിച്ചവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ 1923-ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് (Official Secrets Act -OSA) പ്രകാരം ജീവിതകാലം മുഴുവൻ ഈ നിയന്ത്രണത്തിന് വിധേയരാണ്.

വിരമിച്ച ഉദ്യോഗസ്ഥർ, ചില ഇന്റലിജൻസ്, സുരക്ഷാ സംഘടനകളിൽ സേവനമനുഷ്ഠിച്ചവർ, കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) നിയമങ്ങൾ, 2021 (നിയമം 8) അനുസരിച്ച്, വിരമിച്ച ഉദ്യോഗസ്ഥർക്ക് തങ്ങളുടെ പ്രവർത്തനം, അല്ലെങ്കിൽ രഹസ്യകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങൾ പ്രവർത്തിച്ചിരുന്ന ഏജൻസിയുടെ തലവനിൽനിന്ന് മുൻകൂട്ടി അനുമതി നേടേണ്ടതാണ്.

പുസ്തകം പ്രസിദ്ധീകരിക്കുന്ന പ്രക്രിയയിൽ എഡിറ്റിങ്ങിന് ശേഷം 13 അക്കമുള്ള ഐ.എസ്.ബി.എൻ (ISBN) നമ്പർ നൽകുകയും തുടർന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലിസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. നരവണെയുടെ പുസ്തകത്തിന് 2023-ൽ തന്നെ 9780670099757 എന്ന ഐ.എസ്.ബി.എൻ ലഭിച്ചിരുന്നു. എന്നാൽ, അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അച്ചടി തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം, പുസ്തകത്തിന്റെ പ്രീ-പ്രിന്റ് പതിപ്പുകൾ പി.ഡി.എഫ് രൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.