മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്ഥാപനത്തിൽ പരസ്പരം കൈകോർത്ത് ബിജെപിയും അസദുദ്ദീൻ ഒവൈസിയുടെ ഓൾഇന്ത്യാ മജ്‌ലിസ് പാർട്ടിയും (എഐഎംഐഎം). അകോട് മുനിസിപ്പൽ കോർപ്പറേഷനിലാണ് ബിജെപിയും എഐഎംഐഎമ്മും സഖ്യംചേർന്ന് ഭരണംപിടിച്ചത്.

To advertise here,

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുള്ള അകോട് മുനിസിപ്പാലിറ്റിയിൽ 11 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ബിജെപിയാണ് ഏറ്റവുംവലിയ ഒറ്റകക്ഷി. കോൺഗ്രസ് ആറുസീറ്റുകളിലും ഒവൈസിയുടെ പാർട്ടി അഞ്ചുസീറ്റുകളിലും ജയിച്ചു. ഇതിനുപിന്നാലെയാണ് ബിജെപിയും എഐഎംഐഎമ്മും ചേർന്ന് അസാധാരണനീക്കം നടത്തിയത്.

'അകോട് വികാസ് മഞ്ച്' എന്ന പേരിൽ മുന്നണി രൂപവത്കരിച്ചാണ് ഇരുപാർട്ടികളും ഒരുമിച്ചത്. തുടർന്ന് മുനിസിപ്പാലിറ്റിയുടെ ഭരണവും പിടിച്ചെടുത്തു.

ബിജെപിയുടെ മായാ ദുലെയാണ് മേയർ. ബിജെപിക്കും എഐഎംഐഎമ്മിനും പുറമേ ഷിന്ദേ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ബച്ചു കഡുവിന്റെ പ്രഹാർ ജനശക്തി പാർട്ടിയും പുതിയ മുന്നണിയിലുണ്ട്. ഇതിൽ ഷിന്ദേവിഭാഗം ശിവസേനയ്ക്ക് ഒരുസീറ്റും അജിത് പവാറിന്റെ എൻസിപിക്കും പ്രഹാർ ജനശക്തി പാർട്ടിക്കും മൂന്നുസീറ്റ് വീതവുമാണ് മുനിസിപ്പിലാറ്റിയിലുള്ളത്. ബിജെപിയും ഒവൈസിയുടെ പാർട്ടിയും ഒരുമിച്ചുചേർന്ന് ഭരണം പിടിച്ചതോടെ അകോട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോൺഗ്രസ് പ്രതിപക്ഷത്തായി.

ബിജെപിയുടെ ബി ടീം എ ടീമായെന്ന് ആരോപണം...

ഒവൈസിയുടെ പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് നേരത്തേ തന്നെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിം വോട്ടുകൾ വിഭജിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ് ഒവൈസിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ രൂപീകരണം മുതൽ കോൺഗ്രസ് അടക്കം ആരോപിച്ചിരുന്നത്. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പിലും ഒവൈസിയുടെ പാർട്ടിക്കെതിരേ ബിജെപിയുടെ ബീ ടീ ആണെന്ന ആരോപണമുണ്ടായി. നിലവിൽ മഹാരാഷ്ട്രയിലെ അകോട് മുനിസിപ്പാലിറ്റിയിൽ ബിജെപിയും ഒവൈസിയുടെ പാർട്ടിയും കൈകോർത്തതോടെ ബിജെപിയുടെ ബി ടീം എ ടീമായി മാറിയെന്നാണ് കോൺഗ്രസ് നേതാക്കളടക്കമുള്ളവർ ആരോപിക്കുന്നത്.

അതേസമയം, അകോട് മുനിസിപ്പാലിറ്റിയിൽ ബിജെപിയും എഐഎംഐഎമ്മും ഒരുമിച്ചപ്പോൾ മഹാരാഷ്ട്രയിലെ തന്നെ അംബേർനാഥ് മുനിസിപ്പാലിറ്റിയിൽ ബിജെപിയും കോൺഗ്രസും ചേർന്നാണ് സഖ്യംരൂപവത്കരിച്ച് ഭരണംപിടിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേന ഷിന്ദേവിഭാഗം അധികാരം പിടിക്കാതിരിക്കാനാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ളവർ അംബേർനാഥിൽ ഒരുമിച്ചത്.

അംബേർനാഥ് വികാസ് അഘാഡി എന്ന പേരിൽ രൂപവത്കരിച്ച പുതിയ സഖ്യത്തിൽ ബിജെപി, കോൺഗ്രസ്, എൻസിപി(അജിത് പവാർ) എന്നിവരും ഒരു സ്വതന്ത്രനുമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 14 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. കോൺഗ്രസ് 12 സീറ്റുകളിലും എൻസിപി(അജിത് പവാർ) നാല് സീറ്റുകളിലും ജയിച്ചു. 27 സീറ്റുകളിൽ ജയിച്ച ഷിന്ദേവിഭാഗം ശിവസേനയായിരുന്നു ഏറ്റവുംവലിയ ഒറ്റകക്ഷി. തുടർന്ന് ഷിന്ദേവിഭാഗം ശിവസേനയ്‌ക്കെതിരേ ബിജെപിയും കോൺഗ്രസും അടക്കമുള്ളവർ ഒരുമിക്കുകയായിരുന്നു.

പുതിയ സഖ്യരൂപീകരണം ദേശീയതലത്തിലടക്കം ചർച്ചയായതോടെ മുതിർന്ന ബിജെപി, കോൺഗ്രസ് നേതാക്കൾ ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കോൺഗ്രസുമായും എഐഎംഐഎമ്മുമായും സഖ്യത്തിലേർപ്പെട്ടത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. ബിജെപിയുമായി കൈകോർത്ത അംബേർനാഥിലെ 12 കൗൺസിലർമാരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസും അറിയിച്ചു.