ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങി. 2027 ഫെബ്രുവരി 20-ന് കാലാവധി അവസാനിക്കാനിരിക്കെ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.
ഓഗസ്റ്റ് 18-ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റ് ഗ്രൂപ്പിലെ ചെറിയ ചലനംപോലും ആഗോള നിക്ഷേപകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തും. ഇത് ഗ്രൂപ്പിന്റെ ഭാവി നയരൂപീകരണത്തിൽ നിർണായകമാകും.
'ടാറ്റ ഗ്രൂപ്പിലെ എന്റെ 40 വർഷത്തെ പ്രൊഫഷണൽ ജീവിതം ഞാൻ പൂർത്തിയാക്കിയിരിക്കുകയാണ്. പൗരാണികവും സൽപേരുള്ളതുമായ ഈ സ്ഥാപനത്തിനുവേണ്ടി സംഭാവനകൾ നൽകാൻ ലഭിച്ച അവസരത്തിന് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലം ടാറ്റ സൺസിനെ നയിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയായും അത്യന്തം ഗൗരവമേറിയ ബാധ്യതയായും ഞാൻ കണക്കാക്കുന്നു' - രാജിവെച്ചുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.
'ടാറ്റ സൺസിന്റെ ചെയർമാൻ എന്ന നിലയിലുള്ള എന്റെ ഇപ്പോഴത്തെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കുകയാണ്. കാലാവധി അഞ്ചു വർഷത്തേക്ക് നീട്ടണമെന്ന് സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ഏകകണ്ഠമായി തീരുമാനിക്കുകയും ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ടാറ്റ സൺസ് നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയും ബോർഡും ഇത് രേഖപ്പെടുത്തുകയും ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്ന്, 2026 ഫെബ്രുവരി 24-ലെ ടാറ്റ സൺസ് ബോർഡ് യോഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചു. എന്നിരുന്നാലും, ഒരു ബോർഡ് അംഗം അതിനെ പിന്തുണയ്ക്കാത്തതിനാൽ ആ നിർദ്ദേശം നടപ്പായില്ല. ഏകകണ്ഠമായ പിന്തുണ ലഭിക്കാത്തതിനാൽ, ഞാൻ ആ തീരുമാനം മാറ്റിവെക്കാൻ തീരുമാനിച്ചു.
ആ ബോർഡ് യോഗം നടന്നിട്ട് ആറു മാസമായി. ഇതുവരെയും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ടാറ്റ സൺസ് വളരെ വലിയൊരു സ്ഥാപനമാണ്. നിർണായക ഘട്ടത്തിലുള്ള നിരവധി തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. 2027 ഫെബ്രുവരിക്ക് ശേഷവും ഗ്രൂപ്പിനെ നയിക്കാൻ ഒരു നേതാവ് ഉണ്ടാകേണ്ടത് ആവശ്യമാണ്. ജീവനക്കാർ, നിക്ഷേപകർ, പങ്കാളികൾ, മറ്റ് ഓഹരി ഉടമകൾ എന്നിവർക്ക് നേതൃത്വത്തെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്.
ഈ സാഹചര്യത്തിൽ, 2027 ഫെബ്രുവരി 20-ന് എന്റെ കാലാവധി അവസാനിക്കുമ്പോൾ പുനർനിയമനത്തിനായി എന്റെ പേര് പരിഗണിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ടാറ്റ സൺസ് ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ശരിയായ രീതിയിലുള്ള അധികാര കൈമാറ്റം ഉറപ്പാക്കുന്നതിന് എത്രയും പെട്ടെന്ന് പിൻഗാമിയെ സംബന്ധിച്ച് തീരുമാനം എടുക്കാൻ ഞാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ഓഹരി ഉടമകളുടെയും പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു.
സ്‌നേഹത്തോടെ,
ചന്ദ്ര.
Content Highlights: N. Chandrasekaran decided not to seek reappointment as Tata Sons Chairman., His current term officially ends on February 20, 2027., Resignation comes due to a lack of unanimous board support for term extension., He requested the board to find a successor early to ensure smooth transition.
Published: 12 Aug 2026, 12:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented