മുംബൈ: പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്.
ഡൽഹിയിൽ സി.ജെ.പി. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധം വ്യാപിച്ചിരുന്നു. മുംബൈയിലും വിദ്യാർഥികൾ ശക്തമായിത്തന്നെ പ്രതിഷേധിക്കുന്നുണ്ട്. ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈദാൻ തുടങ്ങിയിടങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽനിന്ന് വിദ്യാർഥികൾ എത്തിയിരുന്നു. ഇത്തരത്തിൽ എത്തിയ വിദ്യാർഥികളെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ മുംബൈ കോൺഗ്രസ് എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. വീണ്ടും പ്രതിഷേധത്തിലേക്കു നീങ്ങിയാൽ വ്യാജ ലഹരിക്കേസിൽപ്പെടുത്തി അകത്തിടുമെന്നാണ് വീഡിയോയിൽ പോലീസുകാരൻ പറയുന്നത്. വാഹനത്തിനകത്ത് വിദ്യാർഥികളെ ഇരുത്തിക്കൊണ്ടായിരുന്നു ഭീഷണി. മുൻസീറ്റിലിരുന്ന പോലീസുകാരൻ പിൻസീറ്റിലിരിക്കുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതെല്ലാം പിന്നിലിരുന്ന വിദ്യാർഥികൾ ഫോണിൽ പകർത്തുകയായിരുന്നു.
"നിങ്ങളെ ഇനി ഇവിടെ കണ്ടാൽ നിങ്ങളുടെ ജീവിതം ഞാൻ തകർക്കും. നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും", പോലീസുകാരൻ വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പോലീസുകാരൻ പറയുന്നുണ്ട്.
വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർനടപടിയുണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
Content Highlights: A Mumbai police officer was suspended for threatening student protesters., The officer threatened to plant drugs on students if they continued protesting., The incident was captured on video and went viral on social media., Mumbai Police initiated an official investigation into the misconduct., The incident occurred amidst widespread student demonstrations in Mumbai.
Published: 23 Jul 2026, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented