മുംബൈ: മുംബൈയിലെ എൻ.എസ്.സി.ഐ ഡോമിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ടെക്നോ മ്യൂസിക് സംഗീത നിശയ്ക്കിടെ  നിയമവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 28-കാരനായ വൃഷഭ് ഗാംഗുർഡെയാണ് മരിച്ചത്. പരിപാടിക്കിടെ കുഴഞ്ഞുവീണ വൃഷഭിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

To advertise here,

അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൃഷഭ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഇതിൽ വ്യക്തത നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു.

പരിപാടിക്കിടെ ഒരു യുവതിയും കുഴഞ്ഞുവീണിരുന്നു. സമീപത്തെ ജാസ്‌ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പാർട്ടിയിൽ ലഭ്യമായിരുന്ന മദ്യം കഴിച്ചിരുന്നതായും മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ടാർഡിയോ പോലീസ് സ്റ്റേഷനിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടി നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും പോലീസ് പരിശോധിച്ചു വരികയാണ്.

മാർച്ചിൽ ഗോരേഗാവിലെ നെസ്കോ എക്സിബിഷൻ സെന്ററിൽ നടന്ന സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് മാനേജ്‌മെന്റ് വിദ്യാർഥികൾ മരിച്ചിരുന്നു. സംഭവത്തിൽ മയക്കുമരുന്ന് വിതരണക്കാർ ഉൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.