മുംബൈ: അക്വാലൈന്‍ എന്നുകൂടി അറിയപ്പെടുന്ന മെട്രൊ 3 പൂര്‍ണമായും യാത്രയ്ക്ക് സജ്ജമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനഘട്ടം ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നു. മുംബൈ നഗരവീഥികളെ കോര്‍ത്തിണക്കുന്ന ആദ്യ മെട്രോയാണിത്. ആധുനികകാലത്തെ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായും ഭൂഗര്‍ഭ പാതയിലൂടെയുള്ള ഈ ഇടനാഴി പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ബദല്‍ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

To advertise here,

യാത്രാസമയം കുറയ്ക്കും, 27 സ്റ്റേഷനുകള്‍

ദക്ഷിണ മുംബൈയിലെ കഫ്പരേഡിനെ വടക്കന്‍ മുംബൈയിലെ ആരേയുമായി ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൂര്‍ണമായും ഭൂഗര്‍ഭ മെട്രോ ഇടനാഴിയാണിത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കാനാണ് പാത ലക്ഷ്യമിടുന്നത്. മുംബൈയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന സ്റ്റേഷനുകള്‍ നെഹ്റുസയന്‍സ് സെന്റര്‍, മഹാലക്ഷ്മി, മുംബൈസെന്‍ട്രല്‍, ഗ്രാന്റ്റോഡ്, ഗിര്‍ഗാവ്, കല്‍ബാദേവി, സിഎസ് എംടി, ഹുതാത്മാചൗക്ക്, ചര്‍ച്ച്ഗേറ്റ്, വിധാന്‍ഭവന്‍, കഫ്പരേഡ് എന്നിവയാണ്. ഈ പാത പ്രതിദിനം 17 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനംനല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആരേക്കും കഫ്പരേഡിനും ഇടയിലുള്ള യാത്രാസമയം നിലവില്‍ റോഡ് മാര്‍ഗമുള്ള രണ്ടുമണിക്കൂര്‍ യാത്രയില്‍നിന്ന് ഒരുമണിക്കൂറായി കുറയ്ക്കും

താങ്ങാനാവുന്ന നിരക്കുകള്‍

മൂന്നുകിലോമീറ്റര്‍വരെ 10 രൂപയാണ് നിരക്ക്. 3-12 കിലോമീറ്റര്‍വരെ നിരക്ക് 20 രൂപ, 12-18 കിലോമീറ്റര്‍ ദൂരം 30 രൂപ നിരക്ക്, 18-24 കിലോമീറ്റര്‍ ദൂരം നിരക്ക് 40 രൂപ. 24-30 കിലോമീറ്റര്‍ദൂരം 50 രൂപ. 30-36 കിലോമീറ്റര്‍ ദൂരം 60 രൂപ

പരിസ്ഥിതിആഘാതംകുറയ്ക്കും

റോഡിലെ കാറുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ, മെട്രോ ലൈന്‍ പ്രതിദിനം ഏകദേശം 3.54 ലക്ഷം ലിറ്റര്‍ ഇന്ധന ഉപഭോഗം കുറയ്ക്കുകയും റോഡ് ഗതാഗതക്കുരുക്ക് 35 ശതമാനം കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെട്രോ ലൈനുകളുമായി ഈ ലൈന്‍ സംയോജിപ്പിക്കും, ഇത് നഗരത്തിലുടനീളമുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കും. പ്രധാനപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അവരുടെ ദൈനംദിന യാത്രാമാര്‍ങ്ങളില്‍ കാര്യമായ പുരോഗതി അനുഭവപ്പെടും. കഫ്പരേഡ്, ചര്‍ച്ച്‌ഗേറ്റ്, കല്‍ബാദേവി എന്നീ പ്രദേശങ്ങള്‍ സൗത്ത് മുംബൈ എന്നറിയപ്പെടുന്നു. ബികെസിയും വര്‍ളി, ധാരാവി തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും മെട്രോ ബന്ധിപ്പിക്കുന്നു. കൂടുതല്‍ ബിസിനസുകളെയും പ്രൊഫഷണലുകളെയും ഇവിടേക്ക് ആകര്‍ഷിക്കും.