ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ തുടരുന്ന ചെന്നൈയില്‍ നടുറോഡില്‍ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെരുങ്ങളത്തൂര്‍-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗര്‍ ഇനത്തില്‍ പെട്ട മുതലയെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് തമിഴ്‌നാട് വനംവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. മുതലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു. എക്‌സിലായിരുന്നു സുപ്രിയയുടെ പ്രതികരണം. 

'ചെന്നൈയിലെ ചില ജലാശയങ്ങളില്‍ മഗ്ഗര്‍ മുതലകള്‍ ഉണ്ട്. മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങള്‍ നിറഞ്ഞൊഴുകിയതിനാലാണ് മുതല പുറത്തുവന്നത്. ആരും വെള്ളക്കെട്ടുകള്‍ക്ക് സമീപം പോകരുത്. മഗ്ഗര്‍ മുതലകള്‍ ആളുകളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവമുള്ളവയാണ്. അവയെ പ്രകോപിപ്പിക്കാതിരുന്നാൽ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കില്ല. ഭീതിപ്പെടേണ്ട സാഹചര്യമില്ല. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ വൈല്‍ഡ്‌ലൈഫ് ഡിവിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, അവരത് ചെയ്യുകയാണ്', മുതലയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് സുപ്രിയ സാഹു എക്‌സില്‍ കുറിച്ചു. 

അതേസമയം മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ അഞ്ചുപേര്‍ മരിച്ചതായി പോലീസ് അറിയിച്ചു. മരം വീണും ഷോക്കേറ്റുമാണ് ഇവര്‍ മരിച്ചത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. മുഖ്യമന്ത്രിമാരോട് നിലവിലെ സ്ഥിതിഗതികള്‍ അന്വേഷിച്ച അമിത് ഷാ കേന്ദ്രസഹായം ഉറപ്പുനല്‍കി.