ഭോപ്പാല്‍: 'ഭാര്യ ഇല്ലാതെയാണ് ജീവിതം മുന്നോട്ടുപോവുന്നത്. എന്റെ എല്ലാ രാത്രികളും പാഴാവുകയാണ്. ആദ്യം എന്നെ കല്യാണം കഴിപ്പിക്കൂ... എനിക്ക് 3.5 ലക്ഷം രൂപ സ്ത്രീധനം വേണം. പണമായോ അക്കൗണ്ട് വഴിയോ ഇത് നല്‍കാം. കൂടാതെ ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ ബാങ്ക് വായ്പയും വേണം'.  
തിരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തില്‍ പങ്കെടുക്കാത്തതിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കാരണംകാണിക്കല്‍ നോട്ടീസിന് അഖിലേഷ് കുമാര്‍ മിശ്ര എന്ന അധ്യാപകന്‍ നല്‍കിയ വിചിത്ര മറുപടിയാണിത്. 

To advertise here,

സത്‌ന ജില്ലയിലുള്ള മഹുദര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതാധ്യാപകനാണ് അഖിലേഷ്. നിയമസഭ തിരഞ്ഞെടുപ്പ് ജോലിക്ക് മുന്നോടിയായുള്ള പരിശീലനത്തിന് പങ്കെടുക്കാന്‍ ഇദ്ദേഹത്തിനുള്‍പ്പെടെ മറ്റ് അധ്യാപകര്‍ക്കും ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഒക്ടോബര്‍ 16, 17 തീയതികളിലായിരുന്നു പരിശീലനം.

എന്നാല്‍ അഖിലേഷ് പരിശീലപരിപാടിയില്‍ പങ്കെടുത്തില്ല. ഇതോടെ ഒക്ടോബര്‍ 27ന് ഇദ്ദേഹത്തിന് ജില്ലാഭരണകൂടം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ദേശീയപ്രാധാന്യമുള്ള വിഷയത്തില്‍വരുത്തിയ അലംഭാവം ചൂണ്ടികാട്ടിയായിരുന്നു നടപടി. ഈ നോട്ടീസിന് മറുപടിയായാണ് ഒക്ടോബര്‍ 31ന് അഖിലേഷ് കത്തെഴുതിയത്. തുടര്‍ന്ന് 35കാരനായ അഖിലേഷിനെ സത്‌ന ജില്ലാ കളക്ടര്‍ അനുരാഗ് വര്‍മ്മ സസ്‌പെന്റ് ചെയ്തു.

അതേസമയം, അഖിലേഷ് ഒരുവര്‍ഷമായി മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സഹപ്രവര്‍ത്തകരിലൊരാള്‍ പറയുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള മറുപടി അയച്ചതെന്നും ഒരു വര്‍ഷംമുമ്പ് അഖിലേഷ് മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 17നാണ് മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്.