അലേഖ്യ,സായ് ദിവ്യ | ഫോട്ടോ:സ്ക്രീൻ ഗ്രാബ് ,മാതൃഭൂമ ി ന്യൂസ് 
അലേഖ്യ,സായ് ദിവ്യ | ഫോട്ടോ:സ്ക്രീൻ ഗ്രാബ് , Mathrubhumi News

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ അമ്മയും അച്ഛനും ചേർന്ന് യുവതികളായ രണ്ടു മക്കളെ കൊലപ്പെടുത്തി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്ലുപയോഗിച്ചാണ് അലേഖ്യ (27), സായ് ദിവ്യ( 22) എന്നീ രണ്ടു മക്കളെ പദ്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും ചേർന്ന് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നരബലിയെന്നാണ് പോലീസ് സംശയിക്കുന്നത്.  

ഞായറാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ദമ്പതിമാർ ഇവരെ തടഞ്ഞു. ബലപ്രയോഗത്തിലൂടെ വീട്ടിനകത്ത് പ്രവേശിപ്പിച്ചപ്പോഴാണ് രണ്ടുമക്കളെ കൊലപ്പെടുത്തിയ നിലയില്‍ പോലീസ് കണ്ടെത്തിയത്. 

പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം പോലീസ് പൂജാമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മറ്റൊന്ന് മറ്റൊരു മുറിയില്‍ നിന്നും കണ്ടെത്തി. രണ്ടു മൃതദേഹങ്ങളും ചുവന്ന തുണി ഉപയോഗിച്ച് പൊതിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞുവെന്നുമാണ് ദമ്പതിമാർ മറുപടി നല്‍കിയത്.

പദ്മജയും പുരുഷോത്തമും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരാണ്. മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇളയമകള്‍ സായി ദിവ്യ ബിബിഎ ബിരുദധാരിയാണ്. ദിവ്യ മുംബൈയിലെ എ.ര്‍.റഹ്മാന്‍ സംഗീത സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ്. ലോക്ഡൗണിലാണ് വീട്ടില്‍ മടങ്ങിയെത്തിയത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നതായി പോലീസ് പറയുന്നു. പ്രത്യേകിച്ച് സംഭവം നടന്ന ഞായറാഴ്ച. ഇതില്‍ സംശയം തോന്നിയാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുന്നത്. ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Content Highlights:Mother kills daughters, says will come alive as satyuga starts from monday