ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ധരം സിങ് ഛൗക്കറുമായ ബന്ധപ്പെട്ടയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് ആഡംബര കാറുകളും 14.5 ലക്ഷം രൂപയുടെ ആഭരണങ്ങളും നാലരക്കോടി രൂപയും പിടിച്ചെടുത്തു. ഛൗക്കര്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പരിശോധന നടത്തിയത്. പാനിപത്ത് ജില്ലയിലെ സമല്‍ഖ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് ഛൗക്കര്‍.

To advertise here,

പരിശോധന നടന്ന മാഹിര റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ് ഛൗക്കറിന്റേയും മക്കളായ സിഖന്ദര്‍ സിങ്, വികാസ് ഛൗക്കര്‍ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് ഇ.ഡി. അറിയിച്ചു. മാഹിര ഗ്രൂപ്പില്‍നിന്ന് വീട് വാങ്ങാന്‍ പണം നല്‍കിയവരെ വഞ്ചിച്ചുവെന്നാണ് കേസ്. മാഹിര ഗ്രൂപ്പിന് കീഴിലുള്ള മാഹിര ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ വസ്തുക്കളില്‍ ജൂലായ് 25-നായിരുന്നു ഇ.ഡി. റെയ്ഡ്. സമല്‍ഖയിലും ഗുഡ്ഗാവിലും ഡല്‍ഹിയിലുമായി 11 ഇടത്താണ് റെയ്ഡ് നടത്തിയത്.

1,497 പേരില്‍ നിന്നായി വീട് നല്‍കാമെന്ന് പറഞ്ഞ് 360 കോടി രൂപ തട്ടിച്ചുവെന്നാണ് നേരത്തെ സായ് ഐന ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന മാഹിര ഇന്‍ഫ്രടെക്കിനെതിരായ കേസ്. എന്നാല്‍, പല തവണ പറഞ്ഞ അവധി കഴിഞ്ഞിട്ടും ഇവര്‍ക്ക് വാഗ്ദാനം ചെയ്ത വീട് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ സെക്ടര്‍ 68-ല്‍ കുറഞ്ഞ ചെലവില്‍ വീട് എന്നതായിരുന്നു വാഗ്ദാനം. ഗുഡ്ഗാവ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഇ.ഡി. ഏറ്റെടുക്കുകയായിരുന്നു.

മാഹിര ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി പണം നല്‍കിയവര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ കമ്പനിക്കെതിരെ ധര്‍ണയടക്കം നടത്തി പരസ്യമായി രംഗത്തെത്തി. ഛൗക്കറും മക്കളും റെയ്ഡിനോടും അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്ന് ഇ.ഡി. അറിയിച്ചു. വ്യാജ നിര്‍മാണച്ചെലവ് രേഖകള്‍ നിര്‍മിച്ച് വീട് വാങ്ങുന്നവരുടെ പണം കമ്പനി തട്ടിയെടുത്തു. വ്യാജ ബില്ലുകളും ഇന്‍വോയ്‌സുകളും തയ്യാറാക്കി പണം സ്വകാര്യ ആവശ്യങ്ങളിലേക്ക് ഉടമകള്‍ വഴിമാറ്റിയെന്നും ഇ.ഡി. അറിയിച്ചു.