ബെംഗളൂരു: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കൾക്കാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സർസംഘചാലക് മോഹൻ ഭാഗവത്. ശതാബ്ദി ആഘോഷിക്കുന്ന ആർഎസ്എസിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ഭാഗവത്.

To advertise here,

''ഭാരതത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കൾക്കാണ്. എന്താണ് നമ്മുടെ രാജ്യം? ബ്രിട്ടീഷുകാരല്ല നമുക്ക് രാജ്യം തന്നത്. നമ്മൾ പുരാതനമായ ഒരു രാഷ്ട്രമാണ്. നമുക്കൊരു അടിസ്ഥാന സംസ്‌കാരമുണ്ട്, അതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഏത് വാക്കും ഹിന്ദു എന്ന പദത്തിലേക്ക് നയിക്കുന്നു.' ഭാഗവത് പറഞ്ഞു.

''മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവ്വികരുടെ പിൻഗാമികളാണ്. ഒന്നുകിൽ അവർക്ക് ഇതറിയില്ല. അല്ലെങ്കിൽ അവരെ ഇത് മറക്കാൻ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഗോത്രങ്ങൾ സംരക്ഷിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഞാൻ കാണുന്നുണ്ട്. അതിനാൽ, ആരും അഹിന്ദുവല്ല. ഹിന്ദുവായിരിക്കുക എന്നതിനർത്ഥം ഭാരതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകുന്നത്. നമ്മൾ ഇന്ന് ചെയ്യുന്ന ഒന്നുമായും ഒരു വ്യവസ്ഥയുമായും ഇതിന് വൈരുദ്ധ്യമില്ല.' ഭാഗവത് കൂട്ടിച്ചേർത്തു.

ആർഎസ്എസിൽ ഇപ്പോൾ കൂടുതൽ ആളുകൾ വിശ്വസിക്കുന്നുണ്ടെന്ന് ഭാഗവത് അവകാശപ്പെട്ടു. 'നമുക്കിപ്പോൾ വിശ്വാസ്യതയുണ്ട്. എല്ലാവരും നമ്മളെ സ്‌നേഹിക്കുകയും സഹായിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. ആർഎസ്എസ് അതിന്റെ പ്രവർത്തനങ്ങൾക്കായി പുറത്തുനിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല.' സംഘടനയ്ക്ക് വിദേശ സംഭാവനകൾ ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച കോൺഗ്രസിന്റെ പ്രിയങ്ക് ഖാർഗെയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'നമ്മുടെ രാജ്യത്തെ എല്ലാ ഭൂമിശാസ്ത്രപരമായ യൂണിറ്റുകളിലേക്കും- സമൂഹത്തിലെ എല്ലാ തട്ടുകളിലേക്കും തലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. തങ്ങളെ ഹിന്ദുക്കളായി കണക്കാക്കാത്തവരുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അവർ ഭാരതീയരാണെന്ന് സമ്മതിക്കുന്നു. അവർ ഹിന്ദവിയോ ഇൻഡിക് ജനതയോ ആണെന്ന് സമ്മതിക്കുന്നു.' അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ ആഗോള പ്രവർത്തനങ്ങൾ ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്ന് ആരംഭിക്കുമെന്ന് ഭാഗവത് പറഞ്ഞു. 'നമ്മുടെ അയൽരാജ്യങ്ങളിൽ ഭൂരിഭാഗവും 100 വർഷം മുൻപ് ഭാരതമായിരുന്നു. അവർ നമ്മുടെ ആളുകളാണ്. ഇന്നത്തെ സാഹചര്യങ്ങളിലും സമാനതകളുണ്ട്. ഞങ്ങളുടെ ദൗത്യം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞങ്ങൾ അതിനുള്ള ശ്രമത്തിലാണ്.' ഭാഗവത് പറഞ്ഞു.