സൂറത്ത്: ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടി ജോലി രാജിവെച്ച് പോലീസ് കോൺസ്റ്റബിൾ. ഗുജറാത്ത് പോലീസിലെ ഒരു കോൺസ്റ്റബിൾ ആയ രാംഗർ മോഹൻഗർ ഗോസായി ആണ് രാജിവെച്ചത്. ഈസ്റ്റ് കച്ചിലെ ഗാന്ധിധാമിലുള്ള അഡേസർ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ആളാണ് രാംഗർ മോഹൻഗർ ഗോസായി. 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ നൽകുന്നതിനായാണ് താൻ രാജിവെച്ചതെന്നാണ് രാംഗർ മോഹൻഗർ ഗോസായി പറയുന്നത്.

To advertise here,

ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്കായി എടുത്ത തീരുമാനങ്ങളെ പിന്തുണയ്ക്കാനും, തന്റെ ജീവിതം സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഇയാൾ പറയുന്നു.

ഏറെ കഠിനാധ്വാനം ചെയ്താണ് താൻ ഈ സർക്കാർ ജോലി നേടിയതെന്ന് ഗോസായി പറഞ്ഞു. എങ്കിലും, വ്യക്തിതാൽപ്പര്യങ്ങളില്ലാതെ നിസ്വാർത്ഥമായ രാജ്യസേവനത്തിനായി പ്രവർത്തിക്കുന്ന ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കുചേരാനാണ് താൻ ഔദ്യോഗിക പദവി ഒഴിയുന്നതെന്ന് രാംഗർ മോഹൻഗർ ഗോസായി കൂട്ടിച്ചേർത്തു. ഇത് മാത്രമല്ല 2029ലെ തിരഞ്ഞെടുപ്പിൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് വരെ താൻ ചെരിപ്പ് ഉപയോഗിക്കില്ലെന്നും ഇയാൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് ജന്തർ മന്തറിൽ സിജെപി പ്രക്ഷോഭം തുടങ്ങിയത്. പരീക്ഷാ സമ്പ്രദായത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം ചെയ്തത്. ഏകദേശം 37 ദിവസം നീണ്ടുനിന്ന ഈ പ്രതിഷേധം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് അവസാനിച്ചത്.