റായ്പുർ: മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടങ്ങളിൽ മൂവർണക്കൊടി സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ജില്ലകളിലെ നക്സലൈറ്റുകളുടെ കൂട്ടക്കീഴടങ്ങൽ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത് മഹോത്സവത്തിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അവർ (നക്സലൈറ്റുകൾ) ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടന അംഗീകരിച്ചു. സാഹചര്യങ്ങൾ മാറി. ബിജാപുരിലെ ചിക്കപാലി ഗ്രാമത്തിൽ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വൈദ്യുതി സ്ഥാപിച്ചു. അബുജ്മർ ഗ്രാമത്തിൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു സ്കൂൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ ചുവപ്പു പതാക മാറ്റി ത്രിവർണക്കൊടി സ്ഥാപിച്ചു, മോദി പറഞ്ഞു. ഛത്തീസ്ഗഢിൽ നക്സലുകൾ മൂലം കഷ്ടപ്പാട് അനുഭവിക്കുന്ന ആദിവാസി സമൂഹത്തിന്റെ വേദനയിൽ അദ്ദേഹം ആശങ്കപ്രകടിപ്പിക്കുകയും ചെയ്തു.

ഭരണഘടന പിന്തുടരുന്നുവെന്ന് അവകാശപ്പെടുകയും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കായി ആദിവാസികൾക്കെതിരേ അനീതി ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. 'രാജ്യവികസനത്തിന് ഛത്തീസ്ഗഡിലെ ആദിവാസി സമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. നക്സലിസത്തിൽ നിന്നും മാവോവാദ ഭീകരവാദത്തിൽ നിന്നും ഛത്തീസ്ഗഡിനെ മോചിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നക്സലിസം കാരണം കഴിഞ്ഞ 55 വർഷമായി നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ വേദനാജനകമാണ്. ഭരണഘടന പിന്തുടരുന്നതായി നടിക്കുന്നവരും സാമൂഹിക നീതിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവരും സ്വന്തം രാഷ്ട്രയ നേട്ടത്തിനായി നിങ്ങളോട് അനീതി ചെയ്തു'- മോദി കൂട്ടിച്ചേർത്തു. മാവോവാദികളുടെ സാന്നിധ്യം കാരണം അടിസ്ഥാന സൗകര്യ വികസനം നടക്കാതെ പോയി, പ്രദേശത്ത് ജോലി ചെയ്യുന്ന അധ്യാപകരും ഡോക്ടർമാരും കൊല്ലപ്പെടാൻ കാരണമായെന്നും മോദി പറഞ്ഞു.

2014-ൽ തങ്ങൾ അധികാരത്തിൽ വന്നപ്പോൾ മാവോവാദികളിൽ നാടിനെ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തതാണ്. മാവോവാദം കാരണം വളരെക്കാലമായി ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിൽ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യവികസനം നടന്നിരുന്നു. വിദ്യാഭ്യാസമോ ആശുപത്രിയോ ഉണ്ടായിരുന്നില്ല. അധ്യാപകരും ഡോക്ടർമാരും കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി ഭരിച്ചവർ നിങ്ങളെ സ്വയം നശിക്കാൻ വിട്ട് എസി മുറികളിൽ ജീവിതം ആസ്വദിച്ചു. എന്നാൽ, മോദിയ്ക്ക് അതിന് കഴിഞ്ഞില്ല, പ്രധാനമന്ത്രി പറഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് മാവോവാദി നിയന്ത്രണത്തിലുള്ള ജില്ലകളുടെ എണ്ണം 150 ആയിരുന്നു. എന്നാൽ, ഇന്ന് അത് മൂന്നായി ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഛത്തീസ്ഗഡും മാവോയിസത്തിൽനിന്ന് മുക്തമാകുന്ന ദിവസം അതിവിദൂരമല്ലെന്നും മോദി പറഞ്ഞു.