പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന തിരിച്ചടിക്ക് ഇരുപത് മിനിറ്റ് മുന്‍പ് മാത്രമാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ 'തിരിച്ചടിക്ക് തയ്യാര്‍' എന്ന കുറിപ്പ് ഇന്ത്യന്‍ കരസേന പങ്കുവെച്ചത്. ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ട നിമിഷത്തില്‍ മാത്രമല്ല അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്താനുമായുള്ള സിന്ധു നദീജലകരാര്‍ മരവിപ്പിച്ച നടപടിയുണ്ടായപ്പോഴും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളോട് പ്രതികരിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ഇന്ത്യന്‍ സേനകള്‍ക്ക് അനുവദിച്ചു നല്‍കിയപ്പോഴും ഇന്ത്യയുടെ പ്രത്യാക്രമണത്തിന്‍റെ ഒരു സൂചനയും ലഭിച്ചിരുന്നില്ല. നിരപരാധികളായ 26 ജീവനുകളുടേയും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന രാജ്യത്തെ ഓരോ പൗരനും നീതി ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരും കരുതിയതുമില്ല. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ ഒരു പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട് എന്നതല്ലാതെ ഇത്രവേഗം ഭീകരര്‍ക്കെതിരെ ഒരു തിരിച്ചടി നടക്കുമെന്നുള്ള വിവരം ഒരുതരത്തിലും പുറത്തെത്തിയിരുന്നില്ല.
ഉള്ളൊഴുക്ക് ശക്തമാകുമ്പോഴും ഉപരിതലം ശാന്തമായി തോന്നിപ്പിക്കാനുള്ള ഭരണ നേതൃത്വമികവ് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. പാകിസ്താനെതിരെയുള്ള തിരിച്ചടിയ്ക്കുമുന്‍പ് ശാന്തത തുടരുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനുമുന്‍പും കാണിച്ചുതന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രണത്തിനുശേഷം നടന്ന ബാലാക്കോട്ട് ആക്രമണവും യാതൊരു സൂചനയും നല്‍കാതെയാണ് വിജയകരമായി നടപ്പാക്കിയതെന്നത് ശ്രദ്ധേയം. മോദിയുടെ യുദ്ധതന്ത്ര നേതൃത്വമികവ് രണ്ടാമത്തെ തവണയും ലക്ഷ്യം കണ്ടിരിക്കുന്നു. ആക്രമണം നടത്തുമെന്ന് ഒരുവിധത്തിലുള്ള സൂചനയും നല്‍കാതെ കൃത്യമായി, ലക്ഷ്യം നേടുക എന്നത് ഏതൊരു രാഷ്ട്രത്തിന്റേയും പ്രതിരോധമികവ് തന്നെയാണ്. ബാലാക്കോട്ട് ആക്രമണത്തില്‍നിന്ന് പാകിസ്താന് ആ പാഠം ഉള്‍ക്കൊള്ളാനായില്ല എന്നത് ആ രാഷ്ട്രത്തിന്റെ പരാജയവും ഇന്ത്യയുടെ നേട്ടവുമാണ്. അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും പ്രധാനമന്ത്രിക്കു നല്‍കേണ്ടിയിരിക്കുന്നു.
ബാലാക്കോട്ട് ആക്രമണത്തിനുമുന്‍പ്
2019 ഫെബ്രുവരി 26 നാണ് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയത്. എന്നാല്‍, ആക്രമണത്തിന് മുന്‍പുള്ള 48 മണിക്കൂര്‍ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറിയത് സാധാരണ പോലെയാണ്. പതിവു ചുമതലകള്‍ നിര്‍വഹിച്ച് ഭീകരര്‍ക്കെതിരെ വലിയൊരാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് വെളിപ്പെടാത്ത വിധത്തിലായിരുന്നു പെരുമാറ്റം. ഫെബ്രുവരി 25-ന് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സ്വതന്ത്ര ഇന്ത്യയുടെ ധീരജവാന്‍മാരുടെ സ്മരണയ്ക്കായി നിര്‍മിച്ച ന്യൂഡല്‍ഹിയിലെ നാഷണല്‍ വാര്‍ മെമ്മോറിയല്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ സേനാക്കരുത്തിനെ കുറിച്ച് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ച അദ്ദേഹം അടുത്ത പ്രഭാതത്തില്‍ നടക്കാനിരിക്കുന്ന പ്രത്യാക്രമണത്തെ കുറിച്ചുള്ള യാതൊരു സൂചനയും നല്‍കിയിരുന്നില്ല. രാത്രി ഒന്‍പത് മണിയോടെ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താനിലെ ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കി പറന്നുയരാന്‍ സജ്ജമായി നില്‍ക്കുമ്പോള്‍ ഡല്‍ഹിയിലെ ഒരു മാധ്യമസ്ഥാപനം സംഘടിപ്പിച്ച ഉച്ചകോടിയില്‍ അഭിസംബോധനാ പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാനിരിക്കുന്നതിനെ കുറിച്ചുള്ള ശങ്കയോ ആശങ്കയോ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. ബാലാക്കോട്ട് ആക്രമണത്തിന്റെ സമയത്ത് മോദിയുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് പാകിസ്താന്‍ ഒരുവട്ടം ചിന്തിച്ചിരുന്നെങ്കില്‍ മെയ് ഏഴിന് ഒന്‍പത് ഭീകരതാവളങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ഇന്ത്യന്‍ ആക്രമണത്തില്‍ നടുങ്ങില്ലായിരുന്നു.
2025 മേയ 7-ന്റെ പ്രത്യാക്രമണത്തിന് മുന്‍പ്
ബാലാക്കോട്ട് ആക്രമണത്തിന് മുന്‍പുള്ളതിന് സമാനമായ വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദിനചര്യകള്‍. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു മാധ്യമപരിപാടിയില്‍ 2047-ല്‍ ലോകത്തിലെ വലിയൊരു സാമ്പത്തിക ശക്തിയായി മാറുന്നതിനെ കുറിച്ചുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങളേയും ലക്ഷ്യങ്ങളേയും സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അരമണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ ഒരിക്കല്‍പ്പോലും അടുത്ത മണിക്കൂറുകളില്‍ ഇന്ത്യ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ ഒരു സൂചന പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. അതിനു മുന്‍പുള്ള ദിവസങ്ങളിലും പ്രത്യാക്രമണത്തിന് രാജ്യം തയ്യാറെന്നല്ലാതെ അത് നടപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായി ഒരു വിവരവും പുറത്തുവന്നിരുന്നില്ല. പ്രധാനമന്ത്രി സാധാരണപോലെ ഔദ്യോഗികപരിപാടികളില്‍ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് കൈമാറുന്ന പരിപാടിയിലും ബിഹാറിലേയും മഹാരാഷ്ട്രയിലേയും പരിപാടികളില്‍ ഭാവഭേദമില്ലാതെ പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി.
ആകെയുണ്ടായ ഒരു സൂചന രാജ്യവ്യാപകമായി മോക്ഡ്രില്‍ നടത്താനുള്ള നിര്‍ദേശമാണ്. പക്ഷേ, ആ നിര്‍ദേശവും ഭാവിയിലെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടി മാത്രമായാണ് സമീപിച്ചത്. ഒരുപക്ഷേ ഇന്ത്യയുടെ പ്രതിരോധ നടപടികളില്‍ ഒന്നുമാത്രമായി പാകിസ്താന്‍ പോലും അതിനെ കണ്ടിട്ടുണ്ടാവണം. ഇന്ത്യ പ്രത്യാക്രമണത്തിന് ഇനിയും കാത്തിരിക്കാമെന്ന തെറ്റിദ്ധാരണ പാകിസ്താന് തോന്നാനുള്ള യുദ്ധതന്ത്രം ആയിരുന്നിരിക്കണം അത്. തന്റെ നീക്കങ്ങളില്‍ എന്താണ് ഒളിപ്പിക്കുന്നതെന്ന് ശത്രുവിന് മനസ്സിലാകുന്നില്ലെങ്കില്‍ അത് ഒരു ഒരു യഥാര്‍ഥ തന്ത്രജ്ഞന്റെ വിജയമാണ്. പാകിസ്താന്റെ പരാജയവുമതാണ്. ഇടത്തേക്കെന്ന് തോന്നിപ്പിച്ച് വലത്തേക്ക് നീങ്ങുന്ന പ്രധാനമന്ത്രി മോദി. അതാണ് പാകിസ്താനു മേല്‍ ഇന്ത്യയ്ക്കുള്ള മേല്‍ക്കോയ്മയും.
Content Highlights: Analyzing PM Modi`s strategic silence before surgical strikes against Pakistan
Published: 07 May 2025, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented