ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആര്‍എസ്എസിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ആര്‍എസ്എസിനെ പ്രീതിപ്പെടുത്തി സ്വന്തം വിരമിക്കല്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദിയുടെ ആര്‍എസ്എസ് സ്തുതിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

To advertise here,

75 വയസായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മുന്‍ പ്രസ്താവനയ്ക്കു പിന്നാലെ മോദിയുടെ വിരമിക്കല്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ആവശ്യപ്പെടാറുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ 17-ന് മോദിക്ക് 75 വയസ് തികയും. ഇക്കഴിഞ്ഞ ജൂലായില്‍ നാഗ്പുരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രായപരിധി പരാമര്‍ശം.

'ആര്‍എസ്എസിനെ പ്രീതിപ്പെടുത്തി 2025 സെപ്റ്റംബര്‍ 17-ന് വിരമിക്കുന്നതിനുള്ള പദ്ധതി തടയുകയാണ് മോദിയുടെ നീക്കം' എന്ന്, പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു.

അന്നത്തെ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മോദിയെയാണ് ലക്ഷ്യംവെച്ചതെന്ന് നേരത്തേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. 75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയായിരുന്നു അന്ന് ഭാഗവതിന്റെ പരാമര്‍ശം. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്നും ഭാഗവത് പറഞ്ഞിരുന്നു.

അതേസമയം പ്രസംഗത്തില്‍ മോദി ആര്‍എസ്എസിനെ പ്രശംസിച്ചതിനെ മാണിക്കം ടാഗോര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് നേരിട്ട് പങ്കുവഹിച്ചിട്ടില്ലെന്നും സിവില്‍ നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയ ബഹുജന പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അതിന്റെ (ആര്‍എസ്എസ്) സ്ഥാപകനായ കെ.ബി ഹെഡ്ഗേവാര്‍ 1925-ന് മുമ്പ് കോണ്‍ഗ്രസ് പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ആര്‍എസ്എസ് രൂപീകരിച്ചതിനുശേഷം, ബ്രിട്ടീഷുകാരെ നേരിടുന്നതിനല്ല, സാംസ്‌കാരിക ദേശീയതയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍എസ്എസിനെ പ്രശംസ കൊണ്ടു മൂടുകയായിരുന്നു മോദി. ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സംഘടനയാണ് (എന്‍ജിഒ) ആര്‍എസ്എസ് എന്ന് മോദി, രാഷ്ട്രനിര്‍മാണത്തില്‍ ആര്‍എസ്എസ് പങ്കാളിയായിരുന്നുവെന്നും എടുത്തുപറഞ്ഞു. 

''100 നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സംഘടന പിറന്നു, അതിനെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നാണ് വിളിച്ചിരുന്നത്. അവര്‍ എല്ലായ്പ്പോഴും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. സമൂഹത്തിന്റെ ക്ഷേമം ഹൃദയത്തില്‍ കരുതി വ്യക്തിയെ കെട്ടിപ്പടുക്കുന്നതിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര. ഭാരത മാതാവിന്റെ ക്ഷേമം ലക്ഷ്യമിട്ട് വ്യക്തി വികസനത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമര്‍പ്പിച്ചു. ഒരു തരത്തില്‍ ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആണ്. അതിന് 100 വര്‍ഷത്തെ സമര്‍പ്പണ ചരിത്രമുണ്ട്. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ എനിക്ക് അഭിമാനമുണ്ട്.'' - മോദി വ്യക്തമാക്കി.