ന്യൂഡൽഹി: 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ​ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

To advertise here,

സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നു അനു​ഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്. 

രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും നല്‍കുന്ന ബജറ്റായിരിക്കും. നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുണ്ട്. പരിഷ്കാരങ്ങൾ‌ക്ക് ശക്തി പകരുകയാണ് ലക്ഷ്യം. 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കും. യുവാക്കൾ ഭാവിയിൽ വികസിത ഇന്ത്യയുടെ ​ഗുണഭോക്താക്കളാകും.

ഈ ബജറ്റ് സമ്മേളനത്തിൽ എം.പി.മാരെല്ലാം വികസിത ഭാരതം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവന നൽകും. പ്രത്യേകിച്ച്, യുവ എം.പിമാരെ സംബന്ധിച്ച് ഇത് ഒരു സുവർണാവസരമാണ്. അവർ വികസിത രാജ്യത്തിന് സാക്ഷിയാകും. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 

മൂന്നാം അവസരത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നവീകരണവും നിക്ഷേപവും സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിത്തറയാണ്. ഈ സമ്മേളനത്തിൽ നിരവധി ബില്ലുകളും ഭേദ​ഗതികളും ചർച്ച ചെയ്യും. വിശദമായ ചർച്ചകൾക്ക് ശേഷം ഇവ നിയമങ്ങളായി രൂപീകരിക്കും. സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.