
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടനുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിരിക്കുകയാണ് ബിജെപിയിലെ അഴിച്ചുപണി. നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷൻമാരെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചതോടെ മന്ത്രിസഭയിലും അഴിച്ചുപണി ഉറപ്പായി. ഇതിൽ പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് കേന്ദ്രമന്ത്രിയായ ഹർഷ് മൽഹോത്രയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. പഞ്ചാബ് ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ചാകും മന്ത്രിസഭയിൽ മാറ്റമുണ്ടാകുക. നിരവധി സഹമന്ത്രിമാർക്ക് സ്ഥാനക്കയറ്റം നൽകുമെന്നും, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകാതെ പോയ ചില മന്ത്രിമാരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. പുതുതായി വരുന്ന രാജ്യസഭാംഗങ്ങളെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ജൂൺ10നാണ് സർക്കാരിന്റെ വാർഷികം. ഇതിന് മുമ്പോ ശേഷമോ പുനസംഘടന നടന്നേക്കും. ഇതിനോട് അനുബന്ധിച്ച് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടേയും യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യാനും സാധ്യതയുണ്ട്.
വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളെ മുൻനിർത്തി മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളവർ സ്ഥാനാർഥികളായി ഇടംപിടിച്ചേക്കും. നിലവിൽ പ്രധാനമന്ത്രിയുൾപ്പെടെ 72 അംഗങ്ങളാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി കാഴ്ചവെച്ച പ്രകടനവും പുതുച്ചേരിയിലെ എൻഡിഎ വിജയവും മന്ത്രിസഭാ വിപുലീകരണത്തിൽ പ്രതിഫലിച്ചേക്കുമെന്ന് കരുതപ്പെടുന്നു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ 2027 ഫെബ്രുവരിയോടെ നിയമസഭാ തിരഞ്ഞെടുപ്പുകളുണ്ടാകും. ഈ സംസ്ഥാനങ്ങളിലെ ചില നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
ഇതിനൊപ്പം ബിജെപി ദേശീയ തലത്തിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് നാല് സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ നിശ്ചയിച്ചത്. ബിജെപി പുനഃസംഘടനയിൽ കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് വി. മുരളീധരൻ ബിജെപി ദേശീയ നേതൃത്വത്തിൽ സുപ്രധാന പദവിയിലെത്തിയേക്കും. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം മുരളീധരന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച മുരളീധരന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പകരം ബി.ബി ഗോപകുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് പരിഗണ കിട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
Content Highlights: Cabinet expansion expected around the first anniversary of the third Modi government on June 10, 2026., Harsh Malhotra's transition to state leadership necessitates a new cabinet appointment., Strategic focus on upcoming 2027 assembly elections in states like Punjab and Uttar Pradesh., Potential promotion for V. Muraleedharan to a key national BJP post., Performance-based evaluation of ministers to prioritize new talent and state representation.
Published: 28 May 2026, 02:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented