ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ആരോപിച്ചാണ് ഹര്‍ജി. മുസ്ലിം വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്ന ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.         

To advertise here,

സച്ചാര്‍ സമിതിയുടെയും, പാലോളി സമിതിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ മറികടക്കുന്നതിന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ കൊണ്ടു വന്നത്. എന്നാല്‍ ഹൈക്കോടതി വിധിയോടെ മറ്റ് ന്യൂനപക്ഷ മത വിഭാഗങ്ങളിലെ മുന്നാക്ക വിഭാഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കുന്ന സാഹചര്യമാണ്. പിന്നാക്ക അവസ്ഥയിലുളള ന്യൂനപക്ഷ മത വിഭാഗത്തിന് ഭരണഘടന ഉറപ്പ് നല്‍കുന്ന ആനുകൂല്യം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക അവസ്ഥ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ക്രിസ്ത്യനികള്‍ക്കിടയില്‍ പിന്നാക്ക അവസ്ഥ ഉണ്ടെന്ന് ഈ സമിതി കണ്ടെത്തിയാല്‍ സര്‍ക്കാരിന് അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കാം എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രസ്റ്റിന്റെ ഹര്‍ജി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

content highlights: minority scholarship appeal in supreme court