കാസിബുഗ്ഗ: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ ഏകാദശി ദിനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയും എട്ട് സ്ത്രീകളുമുൾപ്പെടെ ഒമ്പത് ഭക്തർ മരണപ്പെട്ട സംഭവത്തിൽ നിരുത്തരവാദ പരാമർശവുമായി ക്ഷേത്ര ഉടമ. ഏകാദശി ആഘോഷങ്ങളെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നില്ലെന്ന് ക്ഷേത്രത്തിൻ്റെ സ്ഥാപകനായ ഹരി മുകുന്ദ പാണ്ഡെ എൻഡിടിവിയോട് പറഞ്ഞു. തൻ്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിലാണ് താൻ ക്ഷേത്രം നിർമ്മിച്ചതെന്നും എന്തിനാണ് പോലീസിനെയോ ഭരണകൂടത്തെയോ അറിയിക്കേണ്ടതെന്നും ഇയാൾ ചോദിച്ചതായാണ് വിവരം.

To advertise here,

കാസിബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. തിരുമലയിലെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൻ്റെ മാതൃകയിൽ പണിത ഈ ക്ഷേത്രം പ്രാദേശികമായി 'ചിന്ന തിരുപ്പതി', 'മിനി തിരുപ്പതി' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. 94 വയസ്സുള്ള ഹരി മുകുന്ദ പാണ്ഡെയെന്ന ഭക്തനാണ് നാല് മാസം മുമ്പ് ഈ ക്ഷേത്രം നിർമ്മിക്കാൻ പദ്ധതികൾ ആരംഭിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയായിട്ടില്ലായിരുന്നു.

"സാധാരണയായി ക്ഷേത്രത്തിൽ തിരക്ക് കുറവായിരിക്കും. ഭഗവാനെ ദർശിച്ച ശേഷം ഭക്തർ പ്രസാദം വാങ്ങി മടങ്ങും. ഞാൻ ആരോടും ഒന്നും ചോദിക്കാറില്ല. എന്റെ സ്വന്തം പണം കൊണ്ടാണ് ഞാൻ ഭക്ഷണവും പ്രസാദവും പാകം ചെയ്യുന്നത്. എന്നാൽ ഇന്നലെ രാവിലെ 9 മണിയോടെ പെട്ടെന്ന് ആൾക്കൂട്ടം വർദ്ധിച്ചു. ഞങ്ങൾ പാകം ചെയ്ത പ്രസാദം തീർന്നുപോയി. കൂടുതൽ ഭക്ഷണം തയ്യാറാക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചില്ല," പാണ്ഡെ പറഞ്ഞു. എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും തനിക്ക് പ്രശ്നമില്ലെന്നും ഇയാൾ പറയുന്നു.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഒരൊറ്റ വാതിലായിരുന്നു ഉണ്ടായിരുന്നത്. ഈ പാത ഇടുങ്ങിയതുമായിരുന്നു. സാധാരണയായി ക്ഷേത്രത്തിൽ കുറഞ്ഞ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, ഇന്നലെ രാവിലെ 9 മണിയോടെ ജനക്കൂട്ടം പെട്ടെന്ന് കൂടുകയായിരുന്നു. ദുരന്തത്തെത്തുടർന്ന് ക്ഷേത്രം താൽക്കാലികമായി അടച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പോലീസുകാരെ ഇപ്പോഴും ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.

പോലീസിനെ പൂജ സംബന്ധിച്ച വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിൽ, അവർക്ക് തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ചെയ്യാമായിരുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. സംഭവത്തിൽ കർശന നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.