
ചെന്നൈ: കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന ദുരിതവും അപമാനവും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി.ഐ. എം.എല്‍. നേതാവ് കവിത കൃഷ്ണന്‍. ''നിതീഷ് സര്‍ക്കാരിനെതിരെ മാത്രമാണ് ഈ രോഷമെന്ന ബി.ജെ.പിയുടെ ആഖ്യാനം ശരിയല്ല. നിതീഷ്‌കുമാര്‍ മാത്രമല്ല കേന്ദ്രത്തിലെ മോദി സര്‍ക്കാരും തങ്ങളെ കൈവിട്ടെന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കറിയാം. അതുകൊണ്ടു തന്നെ ജെ.ഡി. യു - ബി.ജെ.പി. സഖ്യത്തിന് ഈ രോഷത്തില്‍നിന്നു രക്ഷപ്പെടാനാവില്ല.'' കവിത കൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
ആദ്യ ഭാഗം: നിതീഷിനെ രക്ഷിക്കാന്‍ മോദിക്കാവില്ല; ബിഹാര്‍ മഹാസഖ്യം പിടിക്കും
കരാര്‍ ജോലിക്കാരായ അദ്ധ്യാപകര്‍ ജോലി സ്ഥിരതയ്ക്കായി നടത്തുന്ന പോരാട്ടത്തോട് നിതീഷ് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന ഈ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം ശക്തമായി ഉയര്‍ത്തുന്നുണ്ടല്ലോ?
അതെ. കരാര്‍ ജോലിക്കാരായ അദ്ധ്യാപകരോട് നിതീഷ് സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അവരോട് ഒരു ചര്‍ച്ചയ്ക്ക് പോലും ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അദ്ധ്യാപകര്‍ ഇന്ത്യയിലെവിടെയായാലും പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളെയും നിലപാടുകളെയും സ്വാധീനിക്കുന്നവരാണ്. ഓരോ ദേശത്തും അദ്ധ്യാപകരായിരിക്കും പൊതു വിഷയങ്ങളില്‍ കൂടുതലായി ഇടപെടുന്നത്. ബിഹാറില്‍ അദ്ധ്യാപകസമൂഹം മഹാസഖ്യത്തിനൊപ്പമാണ്. വളരെ നിര്‍ണ്ണായകമായ പിന്തുണയാണിത്.
കുടിയേറ്റ തൊഴിലാളികള്‍ ബിഹാറിലെ വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗമാണ്. കോവിഡ് 19-നോടുള്ള പ്രതികരണമായി കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ മൂലം ഇവര്‍ നേരിട്ട ദുരിതം സീമാതീതമായിരുന്നു. നിന്ദിതരും അവഹേളിതരുമായാണ് ഇവര്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, ഇവരുടെ രോഷവും അസംതൃപ്തിയും നിതീഷ് സര്‍ക്കാരിനെതിരെ മാത്രമാണെന്നും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനോട് ഇവര്‍ക്ക് ഇപ്പോഴും താല്‍പര്യമുണ്ടെന്നും നിരീക്ഷണമുണ്ട്. താങ്കള്‍ക്കെന്താണ് തോന്നുന്നത്?
ഇതത്ര ലളിതമല്ല. തൊഴിലിടങ്ങളില്‍നിന്ന് രാത്രിക്ക് രാത്രി പലായനം ചെയ്യേണ്ടി വന്ന കുടിയേറ്റ തൊഴിലാളികള്‍ ബിഹാര്‍ അതിര്‍ത്തിയിലെത്തിയപ്പോള്‍ അവരെ സ്വീകരിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചത്. അതവരെ വല്ലാതെ മുറിപ്പെടുത്തി. നൂറുകണക്കിന് കിലോ മീറ്ററുകള്‍ നടന്ന് നാട്ടിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാട് അവരെ തകര്‍ത്തുകളഞ്ഞു. അതുകൊണ്ടുതന്നെ നിതീഷിനോട് അവര്‍ക്ക് കടുത്ത ദേഷ്യമുണ്ട്. പക്ഷേ, ബി.ജെ.പിയോടും അവര്‍ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടും കുടിയേറ്റതൊഴിലാളികള്‍ക്ക് മമതയുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ബി.ജെ.പി. ഇപ്പോള്‍ അവകാശപ്പെടുന്നത് അവരാണ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ചതെന്നാണ്. ഇത് കുടിയേറ്റ തൊഴിലാളികളെ കുപതരാക്കിയിട്ടുണ്ട്. എന്തിനാണ് നുണ പറയുന്നതെന്നാണ് കുടിയേറ്റ തൊഴിലാളികള്‍ ബി.ജെ.പിയോട് ചോദിക്കുന്നത്. ഒരാലോചനയുമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തങ്ങളെ ദുരിതത്തിലാഴ്ത്തിയവര്‍ക്ക് എങ്ങിനെയാണ് തങ്ങളുടെ ക്ഷേമത്തെക്കുറിച്ച് വാചാലരാവാന്‍ കഴിയുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ രോഷം ബി.ജെ.പിക്കുമെതിരെയാണെന്നതിന് നല്ല ഉദാഹരണം കഴിഞ്ഞ ദിവസമുണ്ടായി. ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡയും ബിഹാര്‍ സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നഡ്ഡ ചോദിച്ചു- ''ഞങ്ങള്‍ സൗജന്യമായി തീവണ്ടികള്‍ ഓടിച്ചതുകൊണ്ട് നിങ്ങള്‍ക്ക് സുരക്ഷിതരായി വീടുകളിലെത്താനായില്ലേ? ''അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ചിലര്‍ വിളിച്ചു പറഞ്ഞു ''ഇല്ല, ഞങ്ങളുടെ യാത്രയ്ക്ക് ഞങ്ങള്‍ തന്നെയാണ് പണം കൊടുത്തത്.'' സി.പി.ഐ. എം.എല്ലുകാര്‍ നിങ്ങളുടെ ഭൂമിയില്‍ ചുവന്ന കൊടി കുത്തുമെന്ന് നഡ്ഡ പറഞ്ഞപ്പോള്‍ അതിനെതിരെയും പ്രതികരണമുണ്ടായി. ''അവര്‍ ചുവന്ന കൊടി കുത്തുന്നത് മിച്ച ഭൂമിയിലാണ്.'' ഈ പ്രതികരണങ്ങള്‍ ബി.ജെ.പിയുടെ റാലിയിലാണുണ്ടായതെന്നോര്‍ക്കണം. തീര്‍ച്ചയായും കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ദേഷ്യം നിതീഷ് സര്‍ക്കാരിനോടാണ്. പക്ഷേ, അതിനര്‍ത്ഥം അവര്‍ ബി.ജെ.പിക്കൊപ്പമാണെന്നല്ല.
ഈ രോഷം മഹാസഖ്യത്തിനുള്ള വോട്ടായി മാറുമോ?
അങ്ങിനെയുണ്ടാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കുടിയേറ്റതൊഴിലാളികളുടെ രോഷം നിതീഷിനെതിരെ മാത്രമാണെന്നും അത് തങ്ങളെ ബാധിക്കില്ലെന്നും ബി.ജെ.പി. കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഡിത്തമായിരിക്കും. ജനങ്ങളുടെ വിധിയെഴുത്ത് ഈ രീതിയിലല്ല നടക്കുന്നത്. അടിത്തട്ടില്‍ പുകയുന്ന ജനരോഷം സഖ്യത്തിലെ ഒരു കക്ഷിക്കെതിരെ മാത്രമാവില്ല.
താങ്കളുടെ പാര്‍ട്ടിയായ സി.പി.ഐ. എം.എല്‍. ഇക്കുറി 19 സീറ്റിലാണ് മത്സരിക്കുന്നത്. ഇതിന് മുമ്പ് സി.പി.ഐ. എം.എല്‍. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് 1990-ലെ തിരഞ്ഞെടുപ്പിലാണ്. അന്ന് ഒമ്പതിടങ്ങളില്‍ സി.പി.ഐ. എം.എല്‍. വിജയിച്ചു. ഇക്കുറി ഈ നേട്ടം മറികടക്കുമോ?
ഞങ്ങളുടെ പ്രതീക്ഷ അതാണ്. ജനങ്ങളുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.
അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം., ബി.എസ്.പി. തുടങ്ങിയ പാര്‍ട്ടികളുടെ മൂന്നാം മുന്നണി പ്രശ്നമാകുമോ?
എനിക്കങ്ങിനെ തോന്നുന്നില്ല. ബി.ജെ.പി. ഇതര വോട്ടുകള്‍ ചിതറിക്കാനുള്ള ഒരു ശ്രമമാണിതെന്ന് തിരിച്ചറിയാന്‍ ബിഹാറിലെ ജനങ്ങള്‍ക്ക് കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ചില പോക്കറ്റുകളില്‍ അവര്‍ക്ക് സ്വാധീനമുണ്ടെന്നത് ശരിയാണ്. ദളിതരുടെയും മുസ്ലിങ്ങളുടെയും വോട്ടുകളാണ് അവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. പക്ഷേ, ഈ ജനസമൂഹങ്ങളില്‍ ഇടതുപക്ഷത്തിന് കാര്യമായ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ വോട്ടുചോര്‍ച്ചയുണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.
മഹാസഖ്യം അധികാരത്തിലെത്തിയാല്‍ സി.പി.ഐ. എം.എല്‍. പുറത്തുനിന്നു പിന്തുണയ്ക്കാനാണ് സാദ്ധ്യതയെന്ന് താങ്കളുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞിരുന്നു. കൂട്ടുകക്ഷി മന്ത്രിസഭയില്‍ സി.പി.ഐ. എം.എല്‍. ഉണ്ടാവില്ലെന്നത് തീര്‍ച്ചയാണോ?
അതിനാണ് സാദ്ധ്യത. ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാനായിരിക്കും ഞങ്ങള്‍ താല്‍പര്യപ്പെടുക. ഇത് പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തീരുമാനിക്കേണ്ട കാര്യമാണ്. മുട്ട വിരിയട്ടെ! അതിനു മുമ്പേ നമ്മള്‍ കോഴികളുടെ എണ്ണം എടുക്കേണ്ടതുണ്ടോ?
ചിറാഗ് പസ്വാന്റെ എല്‍.ജെ.പിയെ എങ്ങിനെ വിലയിരുത്തുന്നു? എല്‍.ജെ.പിയും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണത്തെക്കുറിച്ച് എന്താണ് പറയുന്നത്?
നിതീഷിനെ ഒതുക്കുകയാണ് ബി.ജെ.പിയുടെയും എല്‍.ജെ.പിയുടെയും ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ തമ്മില്‍ രഹസ്യധാരണയ്ക്കുള്ള സാദ്ധ്യത തള്ളിക്കളയേണ്ടതില്ല.പക്ഷേ, ബി.ജെ.പിയുടെ ഈ ഗൂഢനീക്കം കൈവിട്ടുപോയോ എന്ന് സംശയിക്കേണ്ടതായുണ്ട്. നിതീഷുമായുള്ള ബി.ജെ.പിയുടെ ബന്ധം ഉലയുന്നതിന് ഇത് കാരണമായിട്ടുണ്ട്. കക്ഷത്തിലിരിക്കുന്നത് കളയാനും പാടില്ല എന്നാല്‍ ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണമെന്നതാണ് ബി.ജെ.പി. നിലപാട്. ഇതവര്‍ക്ക് തന്നെ തിരിച്ചടിയാവും.
പക്ഷേ, അമിത് ഷാ പറഞ്ഞിരിക്കുന്നത് ജെ.ഡി. യുവിന് സീറ്റ് കുറഞ്ഞാലും നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ്?
അത് വളരെ രസകരമാണ്. നിതീഷിന് സീറ്റ് കുറഞ്ഞാല്‍ എന്താകും അവസ്ഥയെന്ന ചോദ്യത്തിനാണ് ഷാ ഇങ്ങനെ മറുപടി പറഞ്ഞത്. വാസ്തവത്തില്‍ നിതീഷിന് സീറ്റ് കുറയില്ല എന്നായിരുന്നു ഷാ മറുപടി പറയേണ്ടിയിരുന്നത്. നിതീഷിന് സീറ്റ് കുറയുമ്പോള്‍ ബി.ജെ.പിക്ക് സീറ്റ് കൂടുന്നതെങ്ങിനെയാണ്? അവര്‍ ഒരു സഖ്യമായാണ് മത്സരിക്കുന്നത്. അപ്പോള്‍ നിതീഷിന് സീറ്റ് കുറയുകയും ബി.ജെ.പിക്ക് സീറ്റ് കൂടുകയും ചെയ്യണമെങ്കില്‍ അതില്‍ എന്തെങ്കിലും കള്ളക്കളിയുണ്ടാവണം.
അതല്ല, നിതിഷിനെതിരെയാണ് ജനങ്ങളുടെ രോഷമെന്നും ജനവിധി തങ്ങള്‍ക്കനുകൂലമാവുമെന്നുമാണ് ബി.ജെ.പി. പറയുന്നത്?
അവര്‍ക്കങ്ങിനെ വിചാരിക്കാം. പക്ഷേ, അതല്ല വസ്തുത. മോദിയുടെ ജനപ്രീതിക്ക് പ്രശ്നമൊന്നുമില്ലെന്നത് അബദ്ധധാരണയാണ്. മോദിക്ക് ബിഹാറിലെ ജനങ്ങള്‍ക്ക് നല്‍കാനൊന്നുമില്ലെന്നതാണ് വാസ്തവം. കശ്മീരിനെക്കുറിച്ചും 370-ാം വകുപ്പിനെക്കുറിച്ചും രാമക്ഷേത്രത്തിനെക്കുറിച്ചുമൊക്കെയാണ് മോദി സംസാരിക്കുന്നത്. തൊഴിലെവിടെ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇതിന് മോദിക്ക് ഉത്തരമില്ല.
മോദി കഴിഞ്ഞ ദിവസം ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കമിട്ടിരുന്നു. എങ്ങിനെയുണ്ട് ജനങ്ങളുടെ പ്രതികരണം?
ജനങ്ങള്‍ ആവേശം കാണിക്കുന്നില്ലെന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. മോദിയുടെ റാലികള്‍ക്ക് ആള് കുറവാണ്. തേജസ്വിയുടെ റാലികളില്‍ ജനങ്ങള്‍ കാണിക്കുന്ന ആവേശവുമായി തുലനം ചെയ്യുമ്പോള്‍ മോദിയുടെ റാലികള്‍ വളരെ പിന്നിലാണ്. മോദിയുടെ പ്രസംഗങ്ങള്‍ തണുത്ത പ്രതികരണമാണുളവാക്കുന്നത്. 15 വര്‍ഷത്തെ ദുര്‍ഭരണത്തിനു ശേഷം ജനങ്ങളോട് ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് നിതീഷും കൂട്ടരും. ഈ ഭരണം ഉയര്‍ത്തിക്കാട്ടി മോദിക്ക് വോട്ടു പിടിക്കാനാവില്ല.
മഹാസഖ്യത്തിന് അനുകൂലമാണ് കാര്യങ്ങളെന്നാണ് താങ്കള്‍ പറഞ്ഞുവരുന്നത്?
അതിലെനിക്ക് സംശയമില്ല. മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം വളരെ പ്രകടമാണ്. സര്‍വ്വെകള്‍ മുന്നോട്ടുവെയ്ക്കുന്നത് ശരിയായ ചിത്രമല്ല. 2015-ല്‍ മിക്കവാറും സര്‍വ്വെകള്‍ തെറ്റിപ്പോയെന്നത് മറക്കരുത്.
ലാലുവിന്റെ അഭാവം അനുഭപ്പെടുന്നുണ്ടാ?
അങ്ങിനെയല്ല. ലാലു വലിയ നേതാവാണ്. അദ്ദേഹം കളത്തിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഗംഭീരമാവുമായിരുന്നു. പക്ഷേ, ഇക്കുറി ലാലുവിനെ കേന്ദ്രീകരിച്ചല്ല ആര്‍.ജെ.ഡി. നീങ്ങുന്നത്. അവരുടെ തന്ത്രം വ്യത്യസ്തമാണ്. ഭാവിയിലേക്കാണ് അവരുടെ നോട്ടം. തേജസ്വിയാണ് ഈ പോരാട്ടത്തിന്റെ നായകന്‍.
തേജസ്വി പ്രതീക്ഷകള്‍ക്കൊത്തുയരുന്നുണ്ടോ?
തീര്‍ച്ചയായും. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരായിരിക്കണം നേതാക്കള്‍. ധാര്‍ഷ്ട്യമാവരുത് ജനനേതാക്കളുടെ മുഖമുദ്ര. ഈ ഗുണങ്ങളെല്ലാം തേജസ്വിക്കുണ്ട്. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ തേജസ്വിക്കാവുന്നുണ്ട്. അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ജനകീയ നേതാവാണ്.
Content Highlights: Migrant workers wrath against Nitish government, says Kavita Krishnan
Published: 27 Oct 2020, 11:51 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented