തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തി മെട്രോ മാൻ ഇ. ശ്രീധരൻ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതിയായിരുന്നു ഇ. ശ്രീധരൻ മുന്നോട്ടുവച്ചിരുന്നത്. പദ്ധതി മുടക്കിയത് താനാണെന്നുള്ള പരാമർശം തെറ്റാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതി തുടക്കമിട്ടത് സിപിഎം ആയിരുന്നു. 2010-ൽ ജപ്പാൻ വിദഗ്ദ്ധർ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം അതിവേഗ റെയിൽ കേരളത്തിൽ പ്രായോഗികമാണെന്നും ജനങ്ങൾ ഇത് ആവേശത്തോടെ സ്വീകരിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2016-ൽ താൻ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡിപിആർ) സമർപ്പിച്ചുവെങ്കിലും, വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറി കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കെ-റെയിൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും അതിലെ സാങ്കേതികവും പ്രായോഗികവുമായ പിഴവുകൾ മുഖ്യമന്ത്രിക്ക് കത്തുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടായ ബുദ്ധിമുട്ടുകളും പോലീസ് ലാത്തിചാർജ് അടക്കമുള്ള പരാതികളും നിലനിൽക്കെ, കെ-റെയിൽ മുന്നോട്ട് പോകില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചത്. തുടർന്ന് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും തന്റെ നിർദേശങ്ങളിൽ അദ്ദേഹം പൂർണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഒരു കത്ത് അയക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയും ബിജു പ്രഭാകർ ഐഎഎസും തന്റെ അടുത്തെത്തി ചർച്ചകൾ നടത്തി പദ്ധതി ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ കത്ത് അയക്കാമെന്ന് ഏറ്റിട്ട് പത്ത് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഈ മെല്ലെപ്പോക്ക് കാരണമാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയത്. കെ-റെയിലിനായി 100 കോടി രൂപയോളം ചിലവാക്കി റിപ്പോർട്ട് തയ്യാറാക്കിയിട്ടും ഫലമുണ്ടായില്ല, എന്നാൽ പുതിയ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ഏകദേശം 12 കോടി രൂപ മതിയാകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പദ്ധതിയുടെ ഡാറ്റ നേരത്തെ തന്നെ ലഭ്യമായതിനാൽ ഡിഎംആർസി ഈ പഠനം നടത്തുന്നതാണ് ഉചിതമെന്നും എട്ട്-ഒമ്പത് മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റാപ്പിഡ് റെയിൽ പദ്ധതിയെക്കാൾ അതിവേഗ റെയിൽവേയാണ് കേരളത്തിന് അനുയോജ്യമെന്നും, ഇവ തമ്മിൽ വേഗതയിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗ റെയിൽവേയുടെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിലായിരിക്കുമ്പോൾ റാപ്പിഡ് റെയിലിന്റേത് കേവലം 70-75 കിലോമീറ്റർ മാത്രമായിരിക്കും.
പദ്ധതി നടപ്പിലായാൽ റോഡിലെ തിരക്ക് കുറയ്ക്കാനും റോഡ് അപകടങ്ങളിൽ പ്രതിദിനം മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സമയം ലാഭിക്കാനും ഈ പദ്ധതി സഹായിക്കും. റെയിൽവേ എന്നത് കേന്ദ്ര സർക്കാരിന്റെ വിഷയമാണെന്നും, സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിലും കേന്ദ്രത്തിന്റെ നിലപാടിനനുസരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആകെ ചിലവിൽ 30 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബാക്കി 40 ശതമാനം ബോണ്ടുകൾ വഴിയും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Metro Man E. Sreedharan expresses strong dissatisfaction with Kerala govt`s delays & policy shifts on the proposed high-speed rail project.
Published: 30 Jan 2026, 12:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented