
ന്യൂഡൽഹി: ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യു.എസ്. അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പാകിസ്താൻ യു.എസ്. നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി നടത്തിയ പ്രതിഷേധത്തെ തള്ളി ഇന്ത്യ. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതങ്ങനെയായിരുന്നു, അങ്ങനെയാണ്, ഇനിയും അങ്ങനെത്തന്നെ തുടരും. പാകിസ്താന്റെ നിരാശയെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി സെർജിയോ ഗോർ കശ്മീരിലെത്തിയപ്പോഴാണ് ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് പറഞ്ഞത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിലുണ്ടായ പുരോഗതിയും കശ്മീരിന്റെ ഭംഗിയും അദ്ദേഹം എടുത്തുപറഞ്ഞു. അതിനാൽ യു.എസ്. പൗരർക്ക് കശ്മീരിലേക്ക് യാത്രചെയ്യുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ പുനഃപരിശോധിക്കുമെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും തുടർചർച്ചകൾ നടത്തുമെന്നും അദ്ദേഹം സൂചന നൽകി.
ഇതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. ഗോറിന്റെ നിരീക്ഷണം അടിസ്ഥാനരഹിതവും യു.എസ്. നാളുകളായി തുടരുന്ന നിലപാടിന് വിരുദ്ധവുമാണെന്ന് യു.എസ്. ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി അറിയിച്ചു. പരാമർശങ്ങളെ ശക്തമായി അപലപിച്ച പാകിസ്താൻ, ഇത് ഐക്യരാഷ്ട്രസഭുടെ പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
അതിനിടെ, പാകിസ്താൻ യു.എസ്. നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയത് അവർ തമ്മിലുള്ള കാര്യമാണെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു.
Published: 21 Aug 2026, 09:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented