ന്യൂഡല്‍ഹി: ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുതിന്‍- ട്രംപ് ചര്‍ച്ചയെ സ്വാഗതംചെയ്ത് ഇന്ത്യ. യുഎസ്- റഷ്യ ഉച്ചകോടിയെ ഇന്ത്യ സ്വാഗതംചെയ്യുന്നതായി വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

To advertise here,

'2025 ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍വെച്ച് കൂടിക്കാഴ്ച നടത്തുന്നതിനായി അമേരിക്കയും റഷ്യയും തമ്മിലെത്തിയ ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. യുക്രൈനില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ പറഞ്ഞിട്ടുള്ളതുപോലെ, 'ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല'. അതിനാല്‍, വരാനിരിക്കുന്ന ഉച്ചകോടിയെ ഇന്ത്യ പിന്താങ്ങുകയും ഈ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും അറിയിക്കുന്നു', എന്നായിരുന്നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.

മൂന്നരവര്‍ഷമായി നടക്കുന്ന യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഈ മാസം 15-നു ചര്‍ച്ചനടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അറിയിച്ചത്. യുഎസിലെ അലാസ്‌കയിലായിരിക്കും ചര്‍ച്ചയെന്നും സാമൂഹികമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.