മുംബൈ: മഹാരാഷട്രയിൽ മറാഠി ഭാഷാവികാരം ഉയർത്തിയുള്ള അക്രമസംഭവങ്ങൾ ശക്തമാകുന്നു. മുംബൈയിലെ ഘാട്‌കോപ്പറിൽ മറാഠി സംസാരിക്കാൻ നിർബന്ധിച്ച് യുവതിക്ക് നേരെ അക്രമിസം​ഘം ആക്രോശിച്ചെത്തി. വീടിന് മുന്നിൽ നിന്ന യുവതിക്ക് നേരെ പാഞ്ഞെത്തിയ പുരുഷസംഘം മറാഠിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

സഞ്ജിരദേവി എന്ന യുവതിയ്ക്ക് നേരെയാണ് ഒരു കൂട്ടം പുരുഷൻമാർ മറാഠി ഭാഷാവികാരം ഉയർത്തി ആക്രോശവുമായെത്തിയത്. മറാഠി സംസാരിക്കാൻ ആൾക്കൂട്ടം ആവശ്യപ്പെട്ടെങ്കിലും യുവതി ഇത് നിഷേധിച്ചു. ഇതോടെ വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു. "മറാഠിയിൽ സംസാരിക്കൂ. ഇത് മഹാരാഷ്ട്രയാണ്," എന്ന് യുവതിക്ക് നേരെ വിരൽചൂണ്ടി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. "ഇല്ല, നിങ്ങൾ ഹിന്ദിയിൽ സംസാരിക്കൂ. പറയൂ, നിങ്ങൾ ഹിന്ദുസ്ഥാനി ( ഇന്ത്യക്കാരൻ) അല്ലേ? നിങ്ങൾ ഹിന്ദുസ്ഥാനിൽ നിന്നുള്ളവരല്ലേ?" എന്ന് യുവതി തിരിച്ചും ചോദിച്ചു. 

തർക്കം രൂക്ഷമായതോടെ ആളുകൾ തടിച്ചുക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു നാളുകളായ് മറാഠി ഭാഷവികാരം ഉയർത്തിക്കൊണ്ടുള്ള അക്രമസംഭവങ്ങൾ വർധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലേക്ക് കുടിയേറിയവരുൾപ്പെടെയുള്ളവരെ പ്രാദേശിക ഭാഷയായ മറാഠി സംസാരിക്കാൻ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അം​ഗങ്ങൾ ഇത്തരത്തിൽ അക്രമത്തിന് നേതൃത്വം നൽകുന്നതിനെ താക്കറെ തന്നെ പിന്തുണച്ചതും അക്രമണസംഭവങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.