ഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്ത മറാഠി ടെലിവിഷൻ താരം മഹേഷ് പവാർ (25) ഉൾപ്പെടെ എട്ടുപേർ മരിച്ചു. മറാഠി പരമ്പരയായ 'അപ്പി ആംചി കളക്ടറി'ലൂടെ (Appi Amchi Collector) ശ്രദ്ധേയനായ മഹേഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന എസ്‌യുവി അഗാധമായ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഈ ദാരുണ സംഭവം മറാഠി വിനോദ വ്യവസായത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

To advertise here,

മുംബൈയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള പോളാഡ്പൂർ-മഹാബലേശ്വർ റോഡിലെ അംബെനാലി ഘട്ടിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം നിയന്ത്രണം വിട്ട് ആയിരം അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വളഞ്ഞുപുളഞ്ഞ റോഡുകളും കുത്തനെയുള്ള ഇറക്കങ്ങളുമുള്ള ഈ മലയോര പാത ഡ്രൈവിംഗിന് ഏറെ അപകടസാധ്യതയുള്ള മേഖലയാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഹേഷ് പവാറിനെ കൂടാതെ സത്താറ സ്വദേശി റിതേഷ് ലോഖണ്ഡെ (22), സുഹാസ് ലോഖണ്ഡെ (20), ഉത്കർഷ് ഷിംഗ്‌തെ (21), നിഖിൽ ഷിംഗ്‌തെ (25), ആദിത്യ സാളുങ്കെ (21), രാജേഷ് കാട്കർ (35), രത്‌നഗിരിയിൽ സ്വദേശി അൻഷ് ചവാൻ (19) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദാപോളിയിലെ ഹാർനെയിൽ നിന്ന് സത്താറയിലേക്ക് യാത്ര തിരിച്ചതായിരുന്നു നടനും സുഹൃത്തുക്കളും. നിശ്ചിത സമയത്ത് അവർ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ആശങ്കയിലായ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ അംബെനാലി ഘട്ടിൽ തകർന്ന നിലയിൽ വാഹനം കണ്ടെത്തിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അപകടത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും സന്നദ്ധ രക്ഷാപ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഏകദേശം 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി അഞ്ച് പ്രത്യേക സംഘങ്ങളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു.

മറാഠി ടെലിവിഷൻ രംഗത്ത് വളർന്നുവരുന്ന വാഗ്ദാനമായിരുന്ന മഹേഷ് പവാറിന്റെ വേർപാട് സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ ആഘാതമായിരിക്കുകയാണ്. വെറും 25 വയസ്സുമാത്രം പ്രായമുള്ളപ്പോൾ സംഭവിച്ച ഈ വിയോഗം തീരാനഷ്ടമാണെന്ന് ചലച്ചിത്ര മേഖലയിലുള്ളവർ അനുസ്മരിച്ചു.