സ്വന്തം ഭാഷയെ സ്നേഹിക്കാൻ മറ്റൊന്നിനെ വെറുക്കേണ്ടതില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഒരുകാരണവശാലും ഭാഷ അടിച്ചേൽപ്പിക്കാൻ പാടില്ല. ഹിന്ദിയുടെ വരവോടെ പല മാതൃഭാഷകളും ഇല്ലാതായിട്ടുണ്ടെന്നും എൻഡിടിവി സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

To advertise here,

'എന്റെ ഭാഷയെ ഞാൻ സ്നേഹിക്കുന്നു. സാംസ്കാരിക അഭിമാനമായും കാണുന്നു. അതാണ് അതിന്റെ സ്ഥാനം. സ്വന്തം ഭാഷയെ സ്നേഹിക്കാൻ മറ്റൊന്നിനെ വെറുക്കേണ്ടതില്ല. എന്റെ ഭാഷയെ മറ്റൊരാൾ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയെ എനിക്കും സ്നേഹിക്കാൻ സാധിക്കണം. എന്നാൽ, അത് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഭാഷ കേവലം ആശയവിനിമയത്തിന് മാത്രമുള്ളതാണ്', കമൽ പറഞ്ഞു.

ഭാഷ അടിച്ചേൽപ്പിക്കന്ന സാഹചര്യം നിലവിലുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'സ്നേഹം ഒരിക്കലും ടോക്സിക് ആകരുത്. അത് വിവാഹമാണെങ്കിലും ഭാഷകളുടെ കാര്യമാണെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ളതാകണം. അടിച്ചേൽപ്പിക്കുകയും അരുത്.'

ഹരിയാണ, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരിക്കൽ സംസാരിച്ചിരുന്ന മാതൃഭാഷകൾ ഹിന്ദി എത്തിയതോടെ ക്രമേണ ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല മാതൃഭാഷകളെയും വിഴുങ്ങുന്ന ഒരു ഭാഷയായി ഹിന്ദി മാറിയിരിക്കുന്നു. അതിനാലാണ്, തമിഴ്‌നാട് നിരന്തരമായി ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.