
ഇംഫാല്‍: രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ മണിപ്പുരില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. അക്രമസംഭവങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുന്നതും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും വംശീയ ആക്രമണങ്ങളും കുത്തനെ കുറഞ്ഞു. മാത്രമല്ല ആയുധങ്ങളും ലഹരിക്കടത്തും പിടികൂടുന്നത് വര്‍ധിക്കുകയും ചെയ്തുവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. ഒരുവര്‍ഷത്തോളം നീണ്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാകാതെ ബിരേൻ സിങ് നയിച്ച ബിജെപി സര്‍ക്കാരിനെ മാറ്റി കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
രാഷ്ട്രപതി ഭരണം നിലവില്‍ വന്നതിന് പിന്നാലെ സംസ്ഥാനത്തെ പോലീസ്, അസം റൈഫിള്‍സ്, കേന്ദ്രസേനകള്‍ എന്നിവയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് വലിയതോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. കലാപത്തില്‍ പങ്കുള്ള ഇരുവിഭാഗങ്ങളിലുമുള്ള തീവ്രസംഘടനകളുടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മെയ്തി, കുക്കി സംഘടനകള്‍ അക്രമങ്ങളില്‍ നിന്ന് പിന്മാറി.
രാഷ്ട്രപതി ഭരണം വന്നതിനുശേഷം പ്രധാനമായും ഒരു അക്രമസംഭവം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കലാപം തുടങ്ങിയ 2023 മേയ് മാസം മുതല്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച 2025 ഫെബ്രുവരി വരെയുള്ള സമയത്ത് 260 വലിയ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഫെബ്രുവരി 13 മുതല്‍ ജൂണ്‍ 26 വരെയുള്ള സമയങ്ങളില്‍ ഒരിടത്തുപോലും തീവെപ്പോ അതിക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ലഹരിവേട്ട വര്‍ധിച്ചിട്ടുമുണ്ട്. മണിപ്പുർ പോലീസും അസം റൈഫിള്‍സും ചേര്‍ന്ന് വലിയ തോതിലാണ് ലഹരിമാഫിയയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതുവരെ 84 പേര്‍ ലഹരിവസ്തുക്കളുമായി പിടിയിലായി. ഇതുവരെ 24.4 കിലൊ ഹെറോയിന്‍, 25.7 കിലൊ ബ്രൗണ്‍ ഷുഗര്‍, 31.8 കിലൊ ഒപ്പിയം, 379 കിലൊ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
വംശീയകലാപത്തിനിടെ പോലീസിന്റെ 6020 ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 2390 ആയുധങ്ങള്‍ മാത്രമേ തിരികെ പിടിക്കാനായിട്ടുള്ളൂ. ബാക്കിയുള്ളവ കണ്ടെത്തുന്നതില്‍ വലിയ പ്രതിസന്ധി പോലീസ് നേരിടുന്നുണ്ട്. ഇതുവരെ 548 അനധികൃത ബങ്കറുകള്‍ അസം റൈഫിള്‍സ് തകര്‍ത്തു. ഇതിനിടെ വസ്തുതര്‍ക്കങ്ങളും കുടുംബ കലഹങ്ങളും പരിഹരിക്കാനെന്ന മുമ്പ് അടിച്ചമര്‍ത്തപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്ത ചില ഭീകരവാദ സംഘടനകള്‍ സംസ്ഥാനത്ത് വീണ്ടും തലയുയര്‍ത്തിത്തുടങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഏതാനും പേരെ ഈയിടെ മണിപ്പുർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Manipur sees drop in violence, rise in drug seizures under President's rule: Officials
Published: 29 Jun 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented