ന്യൂഡൽഹി: മണിപ്പുരിലെ വംശീയ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മാപ്പപേക്ഷയെ സ്വാഗതംചെയ്ത് മെയ്‌ത്തി വിഭാഗം.
എന്നാൽ, ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിെവക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടു. മാപ്പപേക്ഷയെ കോൺഗ്രസ് രാഷ്ട്രീയ വത്‌കരിച്ചെന്നും കോൺഗ്രസിന്റെ മുൻകാല പാപങ്ങളാണ് മണിപ്പുരിൽ പ്രശ്നം വഷളാക്കിയതെന്നും മുഖ്യമന്ത്രി ബിരേൻ സിങ് ബുധനാഴ്ച ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല ചുവടുവെപ്പാണെന്ന് മെയ്‌ത്തി സമൂഹത്തിന്റെ സംയുക്ത സംഘടനയായ കോഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി(കൊകോമി)യുടെ വക്താവ് ഖുരജാം അതൗബ പറഞ്ഞു. മുഖ്യമന്ത്രിയാണ് സംഭവിച്ചതിനെല്ലാം ഉത്തരവാദി. അതു കൊണ്ടായിരിക്കാം പത്രസമ്മേളനം വിളിച്ചതും മാപ്പ് പറഞ്ഞതെന്നും അതൗബ പ്രതികരിച്ചു.
മാപ്പപേക്ഷ സമാധാനം പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്ന് മെയ്‌ത്തി വിഭാഗത്തിലെ മറ്റൊരു സംഘടനയായ ഓൾ മണിപ്പുർ യുണൈറ്റഡ് ക്ലബ്‌സ് ഓർഗനൈസേഷന്റെ മേധാവി നന്ദോ ലുവാംഗ് പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും കുക്കി വിഭാഗങ്ങളുടെ സംയുക്ത സംഘടനയായ
ഇൻഡീജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം വക്താവ് ജിൻസാ വൗൽസോംഗ് ആവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മർദത്തിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം മാത്രമാണ് മുഖ്യമന്ത്രിയുടെ മാപ്പപേക്ഷയെന്ന് മറ്റൊരു കുക്കി സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയുടെ വക്താവ് ലുൻ കിഗ്‌പെൻ ആരോപിച്ചു.
മാപ്പ് ജനങ്ങൾക്ക് ആശ്വാസം നൽകാൻ -ബിരേൻ സിങ്
താൻ മാപ്പു ചോദിച്ചത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുള്ള ആത്മാർഥമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണെന്ന് ബിരേൻ സിങ്. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ച് മാപ്പ് പറയാത്തതെന്താണെന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ ചോദ്യത്തിന് മറുപടിയെന്ന നിലയിലാണ് ബിരേന്റെ പ്രതികരണം. ‘കുക്കികളും നാഗ വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ 1300 പേരാണ് കൊല്ലപ്പെട്ടത്. 1992-ൽ തുടങ്ങിയ സംഘർഷം അഞ്ചുവർഷത്തോളം രൂക്ഷമായി തുടർന്നു. ഇക്കാലയളവിൽ കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹറാവുവും മണിപ്പുർ സന്ദർശിച്ച് മാപ്പ് പറഞ്ഞോ? 1997-’98 കാലയളവിൽ കുക്കികളും മെയ്‌ത്തികളും തമ്മിലുള്ള സംഘർഷത്തിൽ 350 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഐ.കെ. ഗുജ്റാളായിരുന്നു അന്ന് പ്രധാനമന്ത്രി. അദ്ദേഹം മണിപ്പുർ സന്ദർശിച്ച് മാപ്പ് പറഞ്ഞോയെന്നും ബിരേൻ സിങ് ചോദിച്ചു.
Content Highlights: On New Years Eve, Manipur CM says sorry for violence, kukis asks for resignation
Published: 02 Jan 2025, 06:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented