ഒന്നിലധികം ഭാര്യമാരോടൊത്ത് ഒരാള്‍ ഒന്നിച്ചുകഴിയുന്ന വാര്‍ത്ത ആധുനികലോകത്തിന് കൗതുകമാണ്. തന്റെ 28 ഭാര്യമാരെ സാക്ഷിയാക്കി  37-ാം വിവാഹം കഴിക്കുന്ന ഒരു വ്യക്തിയെ അമ്പരപ്പോടെയോ പരിഹാസത്തോടെയോ അല്ലെങ്കില്‍ പുച്ഛത്തോടെയോ ആവും ചിലപ്പോള്‍ നമ്മള്‍ നോക്കിക്കാണുന്നത്. അത്തരത്തിലുള്ള ഒരപൂര്‍വ വിവാഹത്തിന്റെ വീഡിയോ രൂപിന്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 

വിവാഹിതനാവുന്ന വ്യക്തിയെ കുറിച്ചുള്ള വിവരമൊന്നും ട്വീറ്റില്‍ സൂചിപ്പിച്ചിട്ടില്ല. എവിടെ, എപ്പോള്‍ വിവാഹം നടന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. അദ്ദേഹത്തിന്റെ 28 ഭാര്യമാരെ കൂടാതെ 35 കുട്ടികളും  126 പേരക്കുട്ടികളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തതായി ട്വീറ്റില്‍ പറയുന്നു. 'ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ധീരനായ മനുഷ്യന്‍' എന്ന് വീഡിയോയ്ക്ക് രൂപിന്‍ ശര്‍മ നല്‍കിയ തലക്കെട്ടാണ് ട്വീറ്റിന്റെ ഹൈലൈറ്റ്. 

ഇദ്ദേഹത്തിന്റെ അപൂര്‍വസൗഭാഗ്യത്തെ കുറിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് ചുവടെ കമന്റ് ചെയ്തു. ഒരു ഭാര്യയോടൊപ്പം ജീവിക്കാൻ പാടുപെടുമ്പോള്‍ 37-മത്തേതോ എന്ന് അന്തം വിട്ടവരുണ്ട്. ഇതു വരെ ഒരു വിവാഹം പോലും കഴിക്കാനാവത്തതിന്റെ ഖേദം പ്രകടിപ്പിച്ചെത്തിയ ഒരു ട്വിറ്റര്‍ ഉപയോക്താവിനോട് 'ഒന്ന് കഴിച്ചു നോക്ക് എന്ന് ഉപദേശിച്ചും ആളെത്തി. 'ജീവിക്കുന്ന ഇതിഹാസ'മെന്നും പരിഹസിച്ചവരുമുണ്ട്.  

 

 

Content Highlights: Man marries 37th time in front of 28 wives Viral Video