ഭോപ്പാൽ: മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് മുറുക്കി (ഗുട്ക) തുപ്പുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 65-കാരൻ മരിച്ചു. മധ്യപ്രദേശിലെ വിദിശ ജില്ലയിൽ ഗഞ്ച്ബസോഡയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയയിരുന്നു സംഭവം. ഛത്തർപുർ സ്വദേശിയായ പ്രഭുലാൽ ഗുപ്തയാണ് മരിച്ചത്. ഗുട്ക തുപ്പുന്നതിനിടെ 11,000 വോൾട്ട് വൈദ്യുതി ലൈനിൽ തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.

To advertise here,

കഴിഞ്ഞ പത്തുവർഷമായി അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രഭുലാൽ. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് തുപ്പിയ ഉമിനീർ സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വന്നതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റാണ് മരണം സംഭവിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു പ്രഭുലാൽ.

അപകടത്തെത്തുടർന്ന് പ്രദേശവാസികൾ വൈദ്യുതി വിതരണ കമ്പനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകൾക്ക് വളരെ അടുത്തുകൂടി കടന്നുപോകുന്ന ഉയർന്ന വൈദ്യുതി ലൈനിനെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വൈദ്യുതിത്തൂണുകൾ, കമ്പികൾ, വിതരണ ട്രാൻസ്ഫോർമറുകൾ എന്നിവയുടെ അവസ്ഥ മോശമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

വൈദ്യുതി ലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നുവെന്ന് വീട്ടുടമകളിലൊരാളായ പദ്മ ചിദറും പറഞ്ഞു. ലൈൻ മാറ്റിനൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അവരുടെ ആരോപണം. അപകടത്തിന് പിന്നാലെ വൈദ്യുതി ലൈനിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പ്രദേശത്ത് വർധിച്ചു.