
ന്യൂഡൽഹി: വോട്ടർപട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആർ) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. പശ്ചിമബംഗാളിലെ എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിനിടെയാണ് മമതാ ബാനർജി ഇറങ്ങിപ്പോയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളെ അപമാനിച്ചെന്നും എസ്‌ഐആർ നടപടികൾ കാരണം പ്രയാസത്തിലായ കുടുംബങ്ങളുടെ പരാതികൾ കേൾക്കാൻ തയ്യാറായില്ലെന്നും മമത ആരോപിച്ചു.
മുതിർന്ന തൃണമൂൽ നേതാക്കൾ, എസ്‌ഐആർ നടപടികൾ ബാധിക്കപ്പെട്ട കുടുംബങ്ങൾഎന്നിവരുമൊത്താണ് മമത തിങ്കളാഴ്ച യോഗത്തിനെത്തിയത്. എന്നാൽ, ഇതിനുപിന്നാലെ തന്നെ യോഗം ബഹിഷ്‌കരിച്ചതായി അറിയിച്ച് തൃണമൂൽ സംഘം ഇറങ്ങിപ്പോരുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളെ കേൾക്കാൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്നും മമതാ ബാനർജി പറഞ്ഞു. തന്റെ രാഷ്ട്രീയജീവിതത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റം ഒരിക്കലും കണ്ടിട്ടില്ല. താൻ നാലുതവണ കേന്ദ്രമന്ത്രിയും ഏഴുവട്ടം എംപിയുമായ ആളാണ്. ഇത്രയും അഹങ്കാരിയായ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇതുവരെ കണ്ടിട്ടില്ലെന്നും മമതാ ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇവർ ബംഗാളിനെ മനഃപൂർവം ലക്ഷ്യമിടുന്നതായാണ് സംശയിക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് മമതയുടെ ആരോപണം. ബിജെപി ഭരിക്കുന്ന അസമിൽ എസ്‌ഐആർ ഇല്ലെന്നും അവർ ആരോപിച്ചു. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേരുകൾ വോട്ടർമാർക്ക് കൃത്യമായ വിശദീകരണം നൽകാൻ അവസരം നൽകാതെ നീക്കം ചെയ്തു. പഴയ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് പ്രായോഗികമല്ല. എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ടുണ്ടായ പ്രയാസങ്ങൾ കാരണം 140 മരണങ്ങൾ സംഭവിച്ചതായും മമത ആരോപിച്ചു.
അതേസമയം, മമതയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാര്യങ്ങൾ കേൾക്കുന്നതിനിടെ മമത പെട്ടെന്ന് പ്രകോപിതയായെന്നും അനാവശ്യമായി മേശപ്പുറത്ത് അടിച്ചശേഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങളുടെ വിശദീകരണം. തൃണമൂൽ എംഎൽഎമാർ തിരഞ്ഞെടുപ്പ് കമ്മീഷണറോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അതിനിടെ, ഡൽഹിയിലെ സംഭവവികാസങ്ങൾ മമതയുടെ നാടകമാണെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
Content Highlights: West Bengal CM Mamata Banerjee stormed out of a meeting with the Chief Election Commissioner over the summary revision of electoral rolls (SIR), alleging bias against Bengal. Read why.
Published: 02 Feb 2026, 08:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented