ന്യൂഡൽഹി: ബംഗാളിലെ എസ്‌ഐആർ നടപടികളെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങൾ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നിൽ തന്റെ കേസ് അവതരിപ്പിക്കാനായി അഞ്ചുമിനിറ്റ് സമയമാണ് മമത ആവശ്യപ്പെട്ടത്. തുടർന്ന് ചീഫ് ജസ്റ്റിസ് ഇതിന് അനുമതി നൽകുകയും ബെഞ്ചിന് മുന്നിൽ 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കുകയുംചെയ്തു.

To advertise here,

തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് വാദത്തിനിടെ മമത ഉയർത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തന്റെ അഭ്യർഥനകളെല്ലാം അവഗണിച്ചെന്നും അവർ ആരോപിച്ചു. ''ഞങ്ങൾക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. വോട്ടർപട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആർ) ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ഞാൻ ആറുതവണ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. പക്ഷേ, ഇപ്പോഴും ഒരു മറുപടിയും ലഭിച്ചിട്ടില്ല'', മമത പറഞ്ഞു. നീതി അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കരയുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും മമത പറഞ്ഞു.

മമതയുടെ ഹർജി ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എല്ലാപ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ഉറപ്പുനൽകി. മമതയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജിയിൽ ഇനി തിങ്കളാഴ്ച വീണ്ടും വാദംകേൾക്കും.