മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവ് മുൻസിപ്പൽ കോർപറേഷനിൽ ഡെപ്യൂട്ടി മേയറുടെ ഓഫീസിലെ ടിപ്പു സുൽത്താന്റെ ചിത്രത്തിൽ വിവാദം. ഡെപ്യൂട്ടി മേയറും സമാജ്‌വാദി പാർട്ടി പ്രതിനിധിയുമായ ഷാൻ ഇ ഹിന്ദ് നിഹാൽ അഹമ്മദിനെതിരേ വിമർശനവും പ്രതിഷേധവുമായി ബിജെപിയും ശിവസേനയും രംഗത്തെത്തി.

To advertise here,

ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല, ഡെപ്യൂട്ടി മേയർക്കെതിരേ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മലേഗാവിന്റെ ഡെപ്യൂട്ടി മേയർ, ഹിന്ദുവിരുദ്ധനായ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചു. എന്നാൽ ഛത്രപതി ശിവജി മഹാരാജിന്റെയോ മഹാത്മാഗാന്ധിയുടേയോ ബാബാ സാഹിബ് അംബേദ്കറുടെയോ ചിത്രങ്ങൾ കാണാനില്ല. യഥാർഥ ധീരന്മാരോടുള്ള വലിയ അധിക്ഷേപമാണിത്, ഷെഹ്‌സാദ് പൂനവാല സാമൂഹികമാധ്യമക്കുറിപ്പിൽ വിമർശിച്ചു. ഷാനിന്, ഡെപ്യൂട്ടി മേയറാകാനുള്ള അവസരം നൽകിയത് ഭരണഘടനയാണ്. അതിന്റെ ശിൽപി ബാബാസാഹിബ് അംബേദ്കറാണ്. എന്നാൽ ഷാനിന് ഭരണഘടനയോട് യാതൊരു ബഹുമാനവുമില്ല, പൂനവാല ആരോപിച്ചു.

അതേസമയം, ശിവസേനയും ടിപ്പു സുൽത്താന്റെ ഫോട്ടോ സ്ഥാപിച്ചതിനെതിരേ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. നിലേഷ് അഹേർ എന്ന നേതാവിന്റെ നേതൃത്വത്തിൽ ശിവസേനാ കൗൺസിലർമാർ പ്രതിഷേധിക്കുകയും ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻസിപ്പൽ കമ്മിഷണർക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ചിത്രം നീക്കംചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.

വിഷയത്തിൽ ഡെപ്യൂട്ടി മേയർ, പ്രതികരിച്ചിട്ടുണ്ട്. ചിത്രം സ്ഥാപിച്ചതിനെ ന്യായീകരിച്ച അവർ, എന്തിനാണ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും ആരാഞ്ഞു. ടിപ്പു സുൽത്താൻ സ്വതന്ത്ര്യസമരസേനാനിയാണ്. എല്ലാവരും അത് അംഗീകരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ പോരാടിയപ്പോൾ ഇന്ത്യ മാത്രമല്ല, ബ്രിട്ടീഷുകാരും അദ്ദേഹത്തെ പ്രശംസിച്ചു. കോർപേറഷൻ കൗൺസിലിലെ അംഗങ്ങളിലൊരാളാണ് ടിപ്പു സുൽത്താന്റെ ചിത്രം തനിക്ക് സമ്മാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സെക്യുലർ ലാർജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്രയും സമാജ്‌വാദി പാർട്ടിയും ചേർന്ന് മലേഗാവ് മതേതര സഖ്യം രൂപവത്കരിച്ചതിന് പിന്നാലെയാണ് ഷാനിന് ഡെപ്യൂട്ടി മേയർ സ്ഥാനം ലഭിച്ചത്. 84 അംഗ മലേഗാവ് കോർപറേഷനിൽ സഖ്യത്തിന് 43 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യൻ സെക്യുലർ ലാർജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്രയുടെ പ്രതിനിധി ഷേയ്ഖ് നസ്‌രീൻ ഖാലിദാണ് മേയർ. ഇന്ത്യൻ സെക്യുലർ ലാർജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്രയുടെയും എസ്പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് ഷാൻ, ഡെപ്യൂട്ടി മേയർസ്ഥാനത്തെത്തിയത്.