ക്വലാലംപുർ: ഏഴുവർഷത്തെ 'പ്രണയ'ത്തിനൊടുവിൽ ചതിക്കപ്പെട്ട് മലേഷ്യക്കാരിയായ 67-കാരിക്ക് നഷ്ടമായത് 2.2മില്ല്യൺ റിങ്കറ്റ്. ഇന്ത്യൻരൂപ ഏകദേശം  4.4 കോടി വരുമിത്. ഇത്രയും വർഷത്തിനിടയിൽ സ്വന്തം കാമുകനെ വീഡിയോ കോളിൽപ്പോലും ഇവർ കണ്ടിട്ടില്ല എന്നതാണ് കൗതുകകരമായ കാര്യം. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബുകിത് അമൻ കൊമേഴ്സ്യൽ ക്രൈം ഇൻവെസ്റ്റി​ഗേഷൻ  ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കോം ഡാറ്റുക്ക് സെരി റാംലി മൊഹമ്മദ് യൂസഫ് ആണ് അസാധാരണമായ പ്രണയ കഥയെക്കുറിച്ചും ഇതിന്റെ പിന്നണിയിൽ നടന്ന ചതിയേക്കുറിച്ചും വെളിപ്പെടുത്തിയതെന്ന് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ സ്റ്റാർ റിപ്പോർട്ട് ചെയ്തു.

To advertise here,

2017-ൽ ഫെയ്സ്ബുക്ക് വഴിയാണ് ഇരയായ സ്ത്രീയും തട്ടിപ്പുകാരനും തമ്മിൽ പരിചയപ്പെടുന്നത്. അമേരിക്കൻ ബിസിനസുകാരൻ എന്നുപറഞ്ഞാണ് ഇയാൾ സ്ത്രീയെ പരിചയപ്പെട്ടത്. സിംഗപ്പൂരിൽ മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ വ്യവസായമെന്നും ഇയാൾ  വിശ്വസിപ്പിച്ചു. സാവധാനം ഇദ്ദേഹം അവരുടെ പൂർണവിശ്വാസം നേടി. ഒരു മാസത്തോളം ഇരുവരും ആശയവിനിമയം നടത്തി. ഒരിക്കൽ സംസാരത്തിനിടെ തനിക്ക് മലേഷ്യയിലേക്ക് താമസം മാറാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിനനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഇയാൾ സ്ത്രീയോട് പണം ആവശ്യപ്പെട്ടു. ഇതുകേട്ട് മനസലിഞ്ഞ അവർ 5000 റിങ്കറ്റ്  ബാങ്കുവഴി അയച്ചുകൊടുത്തു.

പിന്നീടും പലവിധ ബുദ്ധിമുട്ടുകളും പറഞ്ഞ് ഇയാൾ സ്ത്രീയെ ബന്ധപ്പെടുകയും അവർ എല്ലാത്തവണയും പണം അയച്ചുകൊടുക്കുകയും ചെയ്തു. 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 306 തവണയാണ് പ്രായമായ സ്ത്രീ പണമയച്ചത്. സുഹൃത്തുക്കളിൽനിന്നും കുടുംബാം​ഗങ്ങളിൽനിന്നും കടം വാങ്ങിയാണ് ഇത്രയും സംഖ്യ അവർ തട്ടിപ്പുകാരന് നൽകിയതെന്ന് റാംലി അറിയിച്ചു.

സ്ത്രീയും ഇവരെ പ്രണയംനടിച്ച് തട്ടിപ്പിനിരയാക്കിയയാളും ഏഴുവർഷത്തിനിടയിൽ ഒരിക്കൽപ്പോലും നേരിട്ടോ വീഡിയോ കോൾ മുഖേനയോ കണ്ടിട്ടില്ല എന്നതാണ് ഏറെ വിചിത്രമായ കാര്യം. വോയിസ് കോളുകൾ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. നേരിട്ടുകാണണമെന്ന് വൃദ്ധ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് തട്ടിപ്പുകാരൻ പിൻവലിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇക്കാര്യം സ്ത്രീ തന്റെ സുഹൃത്തിനോട് പറഞ്ഞത്. ഈ സുഹൃത്താണ് അവർ അകപ്പെട്ടിരിക്കുന്നത് ഒരു തട്ടിപ്പിലാണെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തത്.

ഓൺലൈൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്നവയിൽ ജാഗ്രത പാലിക്കണമെന്ന് കമ്മിഷൻ റാംലി ജനങ്ങളോട് അഭ്യർത്ഥിച്ചു.