
മുംബൈ: "ആരും ഇങ്ങോട്ടുവരണ്ട, ഇവരെ ഞാന്‍ നോക്കിക്കോളാം", ഇതായിരുന്നു 26/11 മുംബൈ ഭീകരാക്രമണത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അവസാനവാക്കുകള്‍. തന്റെ സഹപ്രവര്‍ത്തര്‍ അപകടത്തില്‍പ്പെടരുതെന്ന് കരുതി സ്വയം ജീവത്യാഗം ചെയ്ത ആ ധീരസൈനികന്റെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്തിക്കുന്നതിനെ കുറിച്ച് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് കെ. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. 26/11 ന്റെ ഇരയല്ല സന്ദീപെന്നും തന്റെ മകന്‍ സ്വന്തം കടമ നിര്‍വ്വഹിക്കുകയാണ് ചെയ്തതെന്നും എന്‍.ഡി.ടി.വിയോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറിയത് നയതന്ത്രപരമായ വിജയം മാത്രമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ പകവീട്ടല്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സന്ദീപ് 26/ 11ന്റെ ഇരയല്ല, മരണത്തെ മുഖാമുഖം കാണുമ്പോഴും തന്റെ കടമ നിറവേറ്റിയ സുരക്ഷാഉദ്യോഗസ്ഥനാണ്. തിരിച്ചുവരവുണ്ടാകില്ലെന്ന് അവനുറപ്പുണ്ടായിരുന്നു. മുംബൈയിലല്ലെങ്കില്‍ മറ്റെവിടെയെയെങ്കിലും രാജ്യത്തിനായി അവന്‍ ജീവന്‍ ത്യജിക്കുമായിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളിലാണ് നാം പ്രധാനമായും ശ്രദ്ധ നല്‍കേണ്ടത്. ഭീകരര്‍ ലക്ഷ്യമിടുന്ന ആക്രമണങ്ങളും നാശനഷ്ടങ്ങളും അതിലൂടെ നമുക്ക് പ്രതിരോധിക്കാനാകും", ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കുന്നത് അല്‍പമെങ്കിലും ആത്മസംതൃപ്തി നല്‍കുന്നുണ്ടോ എന്ന ചോദ്യത്തോട് "തീര്‍ച്ചയായും, റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് നയതന്ത്ര വിജയം മാത്രമല്ല ഇന്ത്യക്കാരുടെ പക വീട്ടല്‍ കൂടിയാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരുടെ കുടുംബങ്ങളോടുള്ള ഉത്തരവാദിത്വം പൂര്‍ത്തിയായതായി കണക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് കേസിലെ മറ്റൊരു പ്രതിയായ കോള്‍മാന്‍ ഹെഡ്‌ലിയേയും ഇന്ത്യയിലെത്തിക്കണമെന്നും ഇവരൊക്കെ പണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വെറും ഉപകരണങ്ങളാണെന്നും ഇത്തരം ആക്രമണങ്ങള്‍ക്കുപിന്നിലെ യഥാര്‍ഥ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര വൈകിയാലും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്നുള്ള വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
മുംബൈയിലെ താജ് മഹല്‍ ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടായതിനുപിന്നാലെയാണ് കോഴിക്കോട് സ്വദേശി കൂടിയായ സന്ദീപിന്റെ നേതൃത്വത്തില്‍ പത്ത് കമാന്‍ഡോകളടങ്ങിയ സംഘം അവിടെയെത്തിയത്. ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റ സഹസൈനികരെ ഹോട്ടലില്‍ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികള്‍ക്കുശേഷം ഭീകരരെ സന്ദീപ് ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ഭീകരരെ ഹോട്ടലിന്റെ വടക്കേ ഭാഗത്ത് എത്തിക്കാന്‍ സന്ദീപിനായെങ്കിലും ഒടുവില്‍ വെടിയേറ്റ് വീഴുകയായിരുന്നു. സന്ദീപിന്റെ ധീരതയ്ക്ക് രാജ്യം അശോകചക്ര ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു.
Content Highlights: Remembering Major Sandeep Unnikrishnan, the brave soldier who sacrificed his life
Published: 10 Apr 2025, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented