മുംബൈ: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അജിത് പവാറിന്റെ ആകസ്മിക മരണത്തെത്തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് ആരാകും എത്തുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര ചുമതലയേറ്റെടുക്കാൻ സമ്മതിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

To advertise here,

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും, ഇതിനോടൊപ്പം അവർ പാർട്ടി അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വൃത്തങ്ങൾ അറിയിച്ചു. രാജ്ഭവനിൽ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അജിത് പവാറിന്റെ 'അവസാനത്തെ ആഗ്രഹം' സഫലമാകുന്ന സമയം എന്നാണ് ഇതിനെ പാർട്ടി പ്രവർത്തകർ വിശേഷിപ്പിച്ചത്. എൻസിപിയുടെ ഛഗൻ ഭുജ്ബാൽ, സുനിൽ തത്കരെ, ധൻഞ്ജയ് മുണ്ഡെ എന്നിവർ വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഔദ്യോഗികവസതിയായ വർഷ ബംഗ്ലാവിലെത്തി കണ്ടു.

സുനേത്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ശനിയാഴ്ച തന്നെ നടത്താൻ അസൗകര്യങ്ങളില്ലെന്ന് ഫഡ്നാവിസ് അറിയിച്ചതായി എൻസിപി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഭുജ്ബാൽ പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച്  പാർട്ടിയുടെ നിയമസഭാകക്ഷിയോഗം തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനകാര്യം, ആസൂത്രണം, സംസ്ഥാന എക്‌സൈസ് തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് അജിത് പവാർ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ കായികം, യുവജനക്ഷേമം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകൾ ബിജെപിക്ക് കൈമാറാൻ സാധ്യതയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 31-ന് നിയമസഭാ പാർട്ടി യോഗം ചേരുമെന്നും, സുനേത്ര പവാറിനെ അധ്യക്ഷയായി നാമനിർദ്ദേശം ചെയ്യുമെന്നും ഭുജ്ബാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'ദുഃഖാചരണത്തിന്റെ സാങ്കേതിക വശങ്ങളും മറ്റ് സൂക്ഷ്മമായ വിശദാംശങ്ങളും (മുതിർന്ന എൻസിപി നേതാക്കളായ) പ്രഫുൽ പട്ടേലും സുനിൽ തത്കാരെയും പരിശോധിച്ചു വരികയാണ്... ചിലപ്പോൾ മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകും, ചിലപ്പോൾ പത്ത് ദിവസത്തേക്കും.' ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ഭുജ്ബാൽ പറഞ്ഞു.

എൻസിപി (അജിത് പവാർ വിഭാഗം) നേതാക്കളിൽ ഭൂരിഭാഗവും സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാവാനും പാർട്ടിയെ നയിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം.