മുംബൈ: വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ, അർധസർക്കാർ ജോലികളിലും മുസ്‌ലിം സമുദായത്തിന് അഞ്ചുശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള 2014-ലെ ഓർഡിനൻസ് ഔദ്യോഗികമായി റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. നിയമമായിമാറ്റാത്ത ഓർഡിനൻസ് കാലഹരണപ്പെട്ടതായി കാട്ടിയാണ് സാമൂഹികനീതി വകുപ്പിന്റെ നടപടി.

To advertise here,

മുസ്‌ലിം വിഭാഗക്കാർക്ക് പ്രത്യേക പിന്നാക്കവിഭാഗം ജാതിസർട്ടിഫിക്കറ്റുകൾ നൽകുന്നതുൾപ്പെടെയുള്ള എല്ലാ അനുബന്ധ ഭരണപ്രക്രിയകളും ഇതോടെ അവസാനിപ്പിക്കുന്നതായി സർക്കാർ വ്യക്തമാക്കി. തിരുത്തൽനടപടിയെന്നാണ് സർക്കാർ നടപടിയെ വിശേഷിപ്പിച്ചത്. അതേസമയം, വിവേചനപരവും രാഷ്ട്രീയപ്രേരിതവുമായ തീരുമാനമാണിതെന്നും ന്യൂനപക്ഷക്ഷേമ പ്രതിബദ്ധതകളെ ദുർബലപ്പെടുത്തുമെന്നും പ്രതിപക്ഷ കക്ഷികളും മുസ്‌ലിം സാമുദായികനേതാക്കളും ആരോപിച്ചു.

മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 11.5 ശതമാനത്തോളം മുസ്‍ലിം സമുദായമാണ്. ക്വാട്ട അനുവദിച്ചുള്ള ഓർഡിനൻസ് നിയമസഭ പാസാക്കിയിട്ടില്ലെന്നും അതിനാൽ അത് അസാധുവായിപ്പോയെന്നും സർക്കാർ വ്യക്തമാക്കുന്നു. ഓർഡിനൻസിലെ ചില ഭാഗങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. ഓർഡിനൻസിന് നിയമപ്രാബല്യം ഇല്ലാതായതിനാൽ ഇത് ആവശ്യമാണെന്നും സർക്കാർ പറഞ്ഞു.

നിയമപരമായ ഔപചാരികതയുടെ മറവിൽ ന്യൂനപക്ഷക്ഷേമത്തെ സർക്കാർ അവഗണിക്കുകയാണെന്ന് കോൺഗ്രസും എൻ.സി.പി.യും എസ്.പി.യും ആരോപിച്ചു. സർക്കാർ പ്രഖ്യാപനം വ്യക്തമായ രാഷ്ട്രീയസന്ദേശമായിമാറിയെന്നും നേതാക്കൾ വിമർശിച്ചു.