മൈഹാർ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകിയത് കീറിയെടുത്ത നോട്ടുബുക്ക് പേപ്പറുകളിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.
ഭാട്ടിഗ്‌വാൻ ഗ്രാമത്തിലുള്ള ഗവൺമെന്റ് ഹൈസ്കൂളിലാണ് ഈ ദയനീയ സംഭവം നടന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക ഉച്ചഭക്ഷണമായ പൂരിയും ഹൽവയും വിദ്യാർത്ഥികൾക്ക് വിളമ്പിയത് പഴയ പുസ്തകങ്ങളിൽ നിന്ന് കീറിയെടുത്ത മഷിക്കറയുള്ള പേപ്പറുകളിലായിരുന്നു. സ്കൂൾ തറയിലിരുന്ന് കുട്ടികൾ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ മൈഹാർ ജില്ലാ കളക്ടർ റാണി ബതാഡ് നേരിട്ട് ഇടപെടുകയും ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വിഷ്ണു ത്രിപാഠിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് സ്കൂളിൽ നടന്നതെന്ന് വിഷ്ണു ത്രിപാഠി തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പബ്ലിക് ദിനം പോലുള്ള ഒരു ദേശീയ ആഘോഷ വേളയിൽ ഇത്തരത്തിലുണ്ടായ ഗുരുതരമായ അനാസ്ഥ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും, ഭക്ഷണത്തിനായുള്ള ശരിയായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം പ്രിൻസിപ്പലിനാണെന്നും അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ ഇൻ-ചാർജ് പ്രിൻസിപ്പലായ സുനിൽ കുമാർ ത്രിപാഠിയെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ രേവ ഡിവിഷൻ കമ്മീഷണർക്ക് കൈമാറി. ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്ററായ പ്രദീപ് സിങിന്റെ ഒരു മാസത്തെ ശമ്പളം പിഴയായി ഈടാക്കാനും ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: Outrage erupts after students served Republic Day midday meal on scraps of paper in Madhya Pradesh. School officials face disciplinary action.
Published: 27 Jan 2026, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented