നാട്ടില്‍ വേറെ മാവുകളോ മാമ്പഴമോ ഇല്ലാത്തതു കൊണ്ടല്ല സങ്കല്‍പ് പരിഹാസും ഭാര്യ റാണിയും മധ്യപ്രദേശ് ജബല്‍പുരിലെ തോട്ടത്തിലുള്ള രണ്ട് മാവുകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആ മാവുകളില്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മിയാസാക്കി മാമ്പഴങ്ങള്‍ വിളഞ്ഞ് പാകമായിരിക്കുന്നതാണ് കാരണം. തങ്ങളുടെ മാവുകളുടെ സംരക്ഷണത്തിനായി ഈ ദമ്പതിമാര്‍ നാല് കാവല്‍ക്കാരേയും ആറ് നായകളേയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മിയാസാക്കി മാമ്പഴത്തിന് കിലോയ്ക്ക് 2.7 ലക്ഷം രൂപ വരെയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില. 

കുറച്ചു നാള്‍ മുമ്പ് ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഒരാള്‍ മാവിന്‍തൈകള്‍ സമ്മാനിച്ചത്. കൃഷിയില്‍ തത്പരനായ സങ്കല്‍പ് മാവിന്‍തൈകളെ ഭദ്രമായി വീട്ടിലെത്തിച്ച് തോട്ടത്തില്‍ നട്ടു വളര്‍ത്തി. സാധാരണ മാവുകളെന്ന മട്ടിലായിരുന്നു പരിപാലനം. മാവുകള്‍ കായ്ച്ചു തുടങ്ങിയപ്പോള്‍ ഇവര്‍ ശരിക്കും അമ്പരന്നു. കാരണം സാധാരണ മാങ്ങകള്‍ക്കുള്ള പോലെ പച്ചയോ മഞ്ഞയോ നിറത്തില്‍ നിന്ന് വ്യത്യസ്തമായി ചുവപ്പ് നിറമായിരുന്നു കായകള്‍ക്ക്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തങ്ങള്‍ക്ക് ലോട്ടറി അടിച്ചിരിക്കുകയാണെന്ന് സങ്കല്‍പും റാണിയും തിരിച്ചറിഞ്ഞത്. 

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡും വിലയുമുള്ള മിയാസാക്കി മാമ്പഴത്തിന്റെ ജന്മദേശം ജപ്പാനാണ്, അതു കൊണ്ടാണ് ജപ്പാന്‍ നഗരമായി മിയാസാക്കിയുടെ നാമം ഇതിന് ലഭിച്ചത്. ബീറ്റ-കരോട്ടിന്‍, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ  ഉത്തമ കലവറയാണ് മിയാസാക്കി. ഈയിനം മാമ്പഴത്തിന് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാമ്പഴത്തിന്റെ ആകര്‍ഷകമായ നിറവും സ്വാദും മിയാസാക്കിയുടെ ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 

കഴിഞ്ഞ കൊല്ലം ഈ അപൂര്‍വ മാങ്ങകള്‍ കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ തോട്ടത്തില്‍ കടന്നതായും അതിനെ തുടര്‍ന്നാണ് ഇക്കൊല്ലം കാവല്‍ ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മാമ്പഴത്തിന് നിരവധി ആവശ്യക്കാരുണ്ടെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യക്കാര്‍ മാമ്പഴം ബുക്ക് ചെയ്തതായി സങ്കല്‍പും റാണിയും അറിയിച്ചു. ഗുജറാത്തില്‍ നിന്നുള്ള ഒരു വ്യാപാരി ഓരോ മാമ്പഴത്തിനും 21,000 രൂപ ഓഫര്‍ ചെയ്തതായും ദ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Content Highlights: Madhya Pradesh couple deploys 4 guards, 6 dogs to protect world's costliest mango