ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്.

To advertise here,

സ്പീക്കറെ മാറ്റുന്ന പ്രമേയം ഗൗരവ് ഗൊഗോയ് അവതരിപ്പിക്കുന്നതിനിടെ പ്രസംഗത്തിൽ ‘അൺപാർലമെൻ്ററി’യായ വാക്ക് പ്രയോഗിച്ചു എന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയിൽ പറഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതിനുമറുപടിയായി ഭാവിയിൽ പാർലമെന്ററി രേഖകൾ പരിശോധിക്കുമ്പോൾ, പ്രതിപക്ഷത്തെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തിയ പാർലമെന്ററി കാര്യമന്ത്രിയായി കിരൺ റിജിജു അറിയപ്പെടുമെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പരിഹസിച്ചു.

സ്പീക്കറെ നീക്കംചെയ്യാനുള്ള പ്രമേയം ചർച്ച ചെയ്യുമ്പോൾ ജഗദാംബിക പാൽ സഭാ നടപടികൾ നിയന്ത്രിക്കുന്നതിലും ഗൊഗോയ് എതിർപ്പ് അറിയിച്ചു.  സ്പീക്കർ തന്നെ നിയമിക്കുന്ന പാനലിലെ അംഗമായ ജഗദാംബിക പാൽ എങ്ങനെ സ്പീക്കർക്കെതിരായ പ്രമേയത്തിൽ അധ്യക്ഷത വഹിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇത് പാർലമെന്ററി ചട്ടങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്പീക്കറുടെ അധികാരമുപയോഗിച്ച് തിരഞ്ഞെടുത്ത പാനലിലെ ഒരാൾ അധ്യക്ഷനാകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഗൊഗോയ് വാദിച്ചു. മുൻപ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായപ്പോഴെല്ലാം സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നുവെന്നും എന്നാൽ, നിലവിലെ സർക്കാർ ഈ പദവിയിലേക്ക് ആരെയും നിയമിച്ചിട്ടില്ലെന്നും ഗൊഗോയ് പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന് സഭയിൽ ഇരുന്നൂറോളം അംഗങ്ങളുണ്ടായിട്ടും ഡെപ്യൂട്ടി സ്പീക്കർസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് രാജ്യം ചർച്ചചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓം ബിർളയുമായി പ്രതിപക്ഷത്തിന് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും സഭയുടെ പ്രവർത്തനരീതിയെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും ഗൊഗോയ് വ്യക്തമാക്കി.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കിരൺ റിജിജുവിന് പിന്തുണയുമായെത്തി. കിരൺ റിജിജു പ്രതിപക്ഷത്തെ  തടസ്സപ്പെടുത്തുന്നു എന്ന ഗൊഗോയിയുടെ നിരീക്ഷണത്തോട് താൻ യോജിക്കുന്നുവെന്നും എന്നാൽ, ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു പ്രതിപക്ഷത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അമിത് ഷാ തിരിച്ചടിച്ചു.