
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറൻസ്-ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവർ ഏറ്റെടുത്തതോടെ ബിഷ്ണോയ് സഹോദരങ്ങൾ വീണ്ടും അന്വേഷണ സംഘങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് ലോറൻസ് ബിഷ്‌ണോയ് തടവിൽ കഴിയുന്നത്. സഹോദരൻ അൻമോൽ ബിഷ്‌ണോയ് ന്യൂഡൽഹിയിലെ തിഹാർ ജയിലിലും. ലോറൻസും അൻമോലും ജയിലിലാണെങ്കിലും ജയിലിനുള്ളിൽനിന്ന് സഹപ്രവർത്തകർ വഴി സംഘത്തെ നിയന്ത്രിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പുറത്തുള്ള കൂട്ടാളികൾ വഴി ഇരുവരും സംഘത്തിന്റെ കുറ്റകൃത്യങ്ങൾ തുടരുന്നുണ്ടോ എന്ന വിഷയം അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
എഴുന്നൂറിലധികം കൂട്ടാളികളുള്ള ഗുണ്ടാ സംഘത്തിന്റെ തലവനാണ് ലോറൻസ് ബിഷ്‌ണോയ്. 1993-ൽ പഞ്ചാബിൽ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ മകനായാണ് ജനനം. ചണ്ഡീഗഢിൽ പഠിക്കുന്ന കാലത്ത് കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ നേതൃത്വത്തിൽ വലിയൊരു ക്രിമിനൽ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. കാനഡ, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളിലും ബിഷ്‌ണോയിക്ക് ശക്തമായ ക്രിമിനൽ ശൃംഖലയുണ്ട്.
1998-ൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതാണ് നടൻ സൽമാൻ ഖാനുമായുള്ള ശത്രുതയ്ക്ക് കാരണം. ബിഷ്‌ണോയ് സമുദായം കൃഷ്ണമൃഗങ്ങളെ ആരാധിക്കുന്നതിനാൽ സൽമാനെ വധിക്കുമെന്നാണ് ഇവരുടെ ഭീഷണി. നടന്റെ മുംബൈയിലെ വീടിനുനേരെ സംഘം വെടിയുതിർത്തിരുന്നു. 2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ബിഷ്‌ണോയ് സംഘമാണെന്ന് ആരോപണമുണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും സൽമാന്റെ സുഹൃത്തുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിരുന്നു. സൽമാനുമായി അടുത്ത ബന്ധമുള്ള ഗായകൻ ജിപി ഗ്രെവാൾ, എ.പി. ധില്ലൻ എന്നിവരുടെ കാനഡയിലെ വീടുകൾക്കുനേരെ വെടിവെപ്പ് നടത്തിയിരുന്നു.
ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനും ബിഷ്‌ണോയ് ഗ്യാങ്ങിലെ പ്രധാനിയുമാണ് അൻമോൽ ബിഷ്‌ണോയ്. കുറ്റകൃത്യങ്ങളുടെ ലോകത്ത് "ഭാനു" എന്ന വ്യാജപ്പേരിലും ഇയാൾ അറിയപ്പെടുന്നു. സിദ്ധു മൂസെവാല കൊല്ലപ്പെട്ട കേസിലെ പ്രധാന ഗൂഢാലോചകരിൽ ഒരാളാണ് ഇയാൾ. 2024-ൽ സൽമാന്റെ മുംബൈയിലെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലൂടെ അൻമോൽ ഏറ്റെടുത്തിരുന്നു. ബാബാ സിദ്ദിഖിയുടെ വധശ്രമത്തിന് പിന്നിലും ഇയാളുടെ പങ്കിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നുണ്ട്. 2025 നവംബറിൽ യു.എസിൽനിന്ന് നാടുകടത്തപ്പെട്ട ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തിയ മൂന്നുപേർ ജുഹുവിൽവെച്ചാണ് ടൈഗർ ഷ്‌റോഫിന്റെ കാറിനുനേരേ വെടിയുതിർത്തത്. ബിഷ്‌ണോയ്‌യുടെ സംഘം വെടിവെച്ചത് തങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്തു. വിദേശത്തു താമസിക്കുന്ന ഗുണ്ടാസംഘാംഗങ്ങളായ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധു എന്നിവരുടേതെന്ന് സംശയിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റിലാണ് വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും അത് ഗൗനിക്കാതിരുന്നതിനാലാണ് ടൈഗർ ഷ്‌റോഫിന് നേരെ ആക്രമണം നടത്തിയതെന്ന് അനിൽ പണ്ഡിറ്റ് അവകാശപ്പെട്ടു. എന്നാൽ, പോസ്റ്റിന്റെ ആധികാരികതയോ സംഘത്തിന്റെ പങ്കാളിത്തമോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഈ അവകാശവാദങ്ങളുടെ സത്യസന്ധതയും സംഭവത്തിൽ ബിഷ്ണോയ് സംഘത്തിന്റെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.
Published: 19 Oct 2026, 01:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented