പട്‌ന: മകന്‍ തേജ് പ്രതാപിനെ കുടുംബത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 

To advertise here,

മൂത്ത മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല. നിലവിലെ സാഹചര്യത്തില്‍ ഞാന്‍, അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും ഒഴിവാക്കുകയാണ്. ഇനിമേല്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു കൊല്ലത്തേക്ക് പുറത്താക്കിയിരിക്കുന്നു, ലാലു വ്യക്തമാക്കി.

12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് തേജ് പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. 

ബിഹാര്‍ മുന്‍മുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുമായി 2018-ലായിരുന്നു തേജ് പ്രതാപിന്റെ വിവാഹം. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കകം ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ രൂപംകൊണ്ടു. ഐശ്വര്യ, സ്വന്തം വീട്ടിലേക്ക് മടങ്ങി. തേജ് പ്രതാപും കുടുംബവും മോശമായി പെരുമാറുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ ആര്‍ജെഡിയിലും പ്രതിഫലിച്ചു. ഐശ്വര്യയുടെ പിതാവും മുന്‍മന്ത്രിയുമായ ചന്ദ്രികാ റോയ് പാര്‍ട്ടി വിട്ടു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ നടപടി. ഇപ്പോഴും തേജ് പ്രതാപ്- ഐശ്വര്യ വിവാഹമോചനക്കേസ് കുടുംബകോടതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇരുകൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുന്നത് തുടരുകയുമാണ്.