പട്ന: രണ്ട് പതിറ്റാണ്ടായി ലാലു കുടുംബം താമസിച്ചിരുന്ന പട്നയിലെ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ കുടുംബത്തിനുവേണ്ടി പ്രതിരോധവുമായി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രംഗത്ത്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കുടുംബവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് അകന്നു നിൽക്കുന്ന രോഹിണി പട്നയിലെ 10, സർക്കുലർ റോഡിലെ സർക്കാർ ബംഗ്ലാവ് ഒഴിയേണ്ടി വരുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

To advertise here,

ഈ വിലാസംമാറ്റം ലാലു പ്രസാദ് യാദവിനെ അപമാനിക്കലാണെന്ന് രോഹിണി ആചാര്യ വിശേഷിപ്പിച്ചു. "സുശാസൻ ബാബുവിൻ്റെ വികസന മാതൃക. കോടിക്കണക്കിന് ജനങ്ങളുടെ രക്ഷകനായ ലാലു പ്രസാദ് യാദവിനെ അപമാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അവർക്ക് അദ്ദേഹത്തെ വീട്ടിൽനിന്ന് പുറത്താക്കാൻ കഴിഞ്ഞേക്കാം, പക്ഷേ ബിഹാറിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് എങ്ങനെ പുറത്താക്കും? അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ മാനിച്ചില്ലെങ്കിലും, ലാലു ജിയുടെ രാഷ്ട്രീയ പദവിയെയെങ്കിലും ബഹുമാനിക്കണം," സാമൂഹികമാധ്യമ പോസ്റ്റിൽ രോഹിണി കുറിച്ചു.

ലാലു പ്രസാദ് യാദവിൻ്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്ക്, നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉപയോഗിക്കുന്നതിനായി പട്നയിലെ ഹാർഡിങ് റോഡിലുള്ള 39-ാം നമ്പർ വീട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. നിതീഷ് കുമാറിനായി 1, അനെ മാർഗിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുത്തതിന് ശേഷം 2005-ലാണ് റാബ്രി ദേവിക്ക് 10, സർക്കുലർ റോഡിലെ ബംഗ്ലാവ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് അഭിമുഖമായാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പലതവണ മുന്നണി മാറിയിട്ടും കഴിഞ്ഞ 20 വർഷമായി നിതീഷ് കുമാർ യാദവ കുടുംബത്തോട് ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നില്ല.

റാബ്റി ദേവിയോട് മാത്രമല്ല മകൻ തേജ് പ്രതാപ് യാദവിനോടും ബിഹാറിലെ ഔദ്യോഗിക വസതികൾ പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായി 26 എം സ്ട്രാൻഡ് റോഡിലെ സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.