കോട്ടയം: സിക്കിമിൽ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് കാണാതായ മണർകാട് കൊച്ചുമറ്റം കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ സീനിയർ മാനേജരും ജിയോളജിസ്റ്റുമാണ് അനീഷ്.

To advertise here,

എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചമുതൽ തുരങ്കത്തിൽ കുടുങ്ങിയത്. അപകടത്തിൽപ്പെട്ട 20 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.

അനീഷ് പഠിച്ച കോട്ടയം ഗവ. കോളേജ് ജിയോളജിവിഭാഗം മേധാവി എ.യു. അനീഷിനെ തിങ്കളാഴ്ച രാത്രി എട്ടോടെ എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥ വിളിച്ച് ബന്ധുക്കളുടെ ഫോൺനമ്പർ ആവശ്യപ്പെട്ടപ്പോഴാണ് വിവരം നാട്ടിലറിയുന്നത്. അനീഷിന്റെ അബുദാബിയിലുള്ള സഹോദരൻ ബിനീഷിനെയും കമ്പനി അധികൃതർ വിളിച്ചു. അനീഷിന്റെ ഭാര്യ ഡോ. സംഗീത, ഇവരുടെ സഹോദരൻ ബിനീഷ് എന്നിവരെ എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്ന് വിമാനമാർഗം സിക്കിമിലെത്തിച്ചിരുന്നു.

കോട്ടയം ഗവ. കോളേജിൽ 2001-2004 വർഷത്തിൽ ജിയോളജിയിൽ ബിരുദവും 2004-06 വർഷം ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അനീഷ് 2011-ലാണ് നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷനിൽ ഹരിയാണയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസംമുൻപാണ് ജോലിക്കായി സിക്കിമിലേക്ക്‌ പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യനഗറിലുള്ള വീട്ടിലേക്ക്‌ താമസംമാറി.

മണർകാട് കൊച്ചുമറ്റത്തെ വീട്ടിൽ, തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. ജോലിസ്ഥലത്ത് അപകടമുണ്ടായെന്നുമാത്രമേ ഇവരെ അറിയിച്ചിട്ടുള്ളൂ.