
കൊല്‍ക്കത്ത: സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബര്‍ എന്നും പേരിട്ടതിനെതിരെ വിമര്‍ശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ സിംഹത്തിന് സീത, അക്ബര്‍ എന്നീ പേരുകള്‍ ഇട്ട് എന്തിനാണ് അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതെന്നും, പേര് മാറ്റി വിവാദം ഒഴിവാക്കണമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
'ആരാണ് മൃഗങ്ങള്‍ക്ക് ഇത്തരം പേരുകള്‍ ഇടുന്നത്? വിവാദം ഉണ്ടാക്കുന്നത്? ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹാന്മാരായ സാഹിത്യകാരുടെയുമൊക്കെ പേരുകള്‍ നമ്മള്‍ മൃഗങ്ങള്‍ക്ക് ഇടാറുണ്ടോ? എന്താനാണ് സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്? സീതയുടെ കാര്യം മാത്രമല്ല, അക്ബറിന്റെ പേരിട്ടതിനേയും അംഗീകരിക്കാന്‍ കഴിയില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേരുകള്‍ മാറ്റുന്നതിന് വേണ്ട നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണം,' - ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം, സിംഹത്തിന് പേരിട്ടത് ത്രിപുര സര്‍ക്കാര്‍ ആണെന്നും പേര് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സീത എന്ന് പേരുള്ള പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിക്കാനുള്ള പശ്ചിമബംഗാള്‍ വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ വി.എച്ച്.പി. കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പൈഗുരി സര്‍ക്യൂട്ട് ബെഞ്ചിന് മുമ്പാകെയാണ് വി.എച്ച്.പി. പശ്ചിമബംഗാള്‍ ഘടകം ഹര്‍ജി നല്‍കിയത്. സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് വാദമാണ് വി.എച്ച്.പി. മുന്നോട്ടുവെച്ചത്.
പെണ്‍സിംഹത്തിന്റെ പേരുമാറ്റണം എന്നായിരുന്നു ഇവരുടെ ആവശ്യം. ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണ് ഇപ്പോള്‍ സീതയും അക്ബറും ഒന്നിച്ചുള്ളത്. ഫെബ്രുവരി 13-നാണ് ഇരുസിംഹങ്ങളേയും ഇവിടേക്ക് കൊണ്ടുവന്നത്. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളേയും സിലിഗുഡിയിലേക്ക് കൊണ്ടുവന്നത്. ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഫെബ്രുവരി 16-നാണ് ഹര്‍ജി എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സിലിഗുഡി സഫാരി പാര്‍ക്ക് ഡയറക്ടറും കേസില്‍ കക്ഷിയാണ്.
Content Highlights: kolkata highcourt advised state forest department to change the names of lions sita and akbar
Published: 22 Feb 2024, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented